കുവൈത്തിൽ കോവിഡ് ബൂസ്റ്റർ വാക്‌സിൻ വിതരണം ആരംഭിച്ചു
15 ആരോഗ്യ കേന്ദ്രങ്ങളില്‍ ബൈവാലന്റ് കോവിഡ്-19 വാക്സിൻ ലഭ്യമാകും.
കോവിഡ് ബൂസ്റ്റർ വാക്‌സിൻ(Representative Image
കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ബൂസ്റ്റർ വാക്സിന്‍ വിതരണം ആരംഭിച്ചു. 15 ആരോഗ്യ കേന്ദ്രങ്ങളില്‍ ബൈവാലന്റ് കോവിഡ്-19 വാക്സിൻ ലഭ്യമാകും. രാജ്യത്ത് നിലവില്‍ രോഗ ഭീതി ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് തിരിച്ചുവരവ് ചെറുക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെയും ഭാഗമായി രാജ്യത്ത് ബൂസ്റ്റർ വാക്സിന്‍ വിതരണം ആരംഭിച്ചു. ബുധനാഴ്ച മുതൽ രാജ്യത്തെ 15 മെഡിക്കൽ സെന്ററുകളിൽ ബൈവാലന്റ് കോവിഡ്-19 വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വൈറസിന്റെ ഒറിജിനൽ സ്ട്രെയിനിൽ നിന്നും ഒമൈക്രോൺ വേരിയന്റുകളിൽ നിന്നും ബൈവാലന്റ് കോവിഡ്-19 വാക്സിൻ സംരക്ഷണം നൽകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അവസാന വാക്സിൻ ഡോസ് എടുത്ത് കുറഞ്ഞത് രണ്ട് മാസമെങ്കിലും ആയ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും പുതിയ ബൂസ്റ്റർ വാക്സിനേഷൻ എടുക്കാം. ബൈവാലന്റ് ബൂസ്റ്റർ നിലവിലുള്ള വൈറസ് വകഭേദങ്ങൾക്കെതിരെയും ഒമിക്രോണിനെതിരെയും സംരക്ഷണം നൽകുകയും മുൻ ഷോട്ടുകളുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുകയും ചെയ്യും. അതേസമയം, രാജ്യത്ത് രോഗ ഭീതി ഇല്ലെങ്കിലും അയൽ രാജ്യങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ സൂക്ഷ്മത തുടരാൻ ആരോഗ്യമന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.