ഡ്രൈവിംഗ് ലൈസൻസ് പരിശോധന ആരംഭിച്ച് കുവൈത്ത്
3000 ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി
കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകളുടെ പരിശോധന ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം. നിയമാനുസൃതമല്ലാതെ ലൈസന്‍സ് നേടിയവരെ കണ്ടെത്തിയാല്‍ നിയമനടപടികള്‍ സ്വീകരിക്കുകയും ലൈസന്‍സ് പിന്‍വലിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ മൂവായിരത്തിലേറെ വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസുകളാണ് ട്രാഫിക് അധികൃതർ റദ്ദാക്കിയത് .
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഡ്രൈവിങ് ലൈസന്‍സ് നേടിയ വിദേശികളുടെ ഫയലുകള്‍ സൂഷ്മ പരിശോധന ആരംഭിച്ചത്.നേരത്തെ ഡ്രൈവിംഗ് ലൈസൻസിന് അര്‍ഹമായ ജോലി തസ്തികയില്‍ നിന്നും ലൈസന്‍സ് കരസ്ഥമാക്കുകയും പിന്നീട് ജോലി മാറുകയും ചെയ്ത പ്രവാസികളെയാണ് പരിശോധനയില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
എല്ലാ ലൈസൻസുകളും അവലോകനം ചെയ്യാൻ രണ്ട് മാസത്തോളം വേണ്ടി വരുമെന്നാണു പ്രതീക്ഷിക്കുന്നത്. വ്യവസ്ഥകൾ പാലിച്ചില്ലെന്ന് കണ്ടെത്തിയാല്‍ ഉടമകളെ ട്രാഫിക് വിഭാഗത്തിലേക്ക് വിളിച്ചുവരുത്തി ലൈസന്‍സ് റദ്ദാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റദ്ദാക്കിയ ലൈസന്‍സുകളുടെ സ്റ്റാറ്റസ് കുവൈത്ത് മൊബൈല്‍ ഐ.ഡി, സഹേല്‍ ആപ്പ് എന്നീവ വഴി അറിയുവാന്‍ സാധിക്കും.
പിന്‍വലിക്കപ്പെട്ട ലൈസന്‍സുകള്‍ ഗതാഗത വകുപ്പിന് ഉടന്‍ തിരികേ ഏല്‍പ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു.ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിംഗ് ലൈസന്‍സുകളാണ് നല്‍കിയിരിക്കുന്നത് . ഇവയില്‍ ഏകദേശം എട്ട് ലക്ഷത്തോളം ഡ്രൈവിംഗ് ലൈസന്‍സുകള്‍ വിദേശികളുടെ പേരിലാണുള്ളത്. ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കിയിട്ടും വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ രാജ്യത്ത് നിന്ന് നാടുകടത്തുന്നതടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതർ മുന്നറിയിപ്പ് നൽകി.