കുവൈത്തിലെ ഈദ് ഗാഹുകളിൽ നടന്ന നമസ്‌കാരങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികളെത്തി

കുവൈത്ത് ഗ്രാൻഡ് മോസ്‌കിൽ നടന്ന ബലിപെരുന്നാൾ നമസ്‌കാരത്തിൽ കിരീടാവകാശിപങ്കെടുത്തു

Update: 2025-06-06 14:38 GMT

കുവൈത്ത് സിറ്റി: കുവൈത്തിലെ ഈദ് ഗാഹുകളിൽ നടന്ന നമസ്‌കാരങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. സമാധാനത്തിന്റെയും വിശുദ്ധിയുടെയും പ്രചാരകരാവാൻ ഖത്തീബുമാർ ആഹ്വാനം ചെയ്തു. രാവിലെ 5:03 ന് പെരുന്നാൾ നമസ്‌കാരം നടന്നു. പള്ളികളിലും ഈദ് ഗാഹുകളിലും നടന്ന നമസ്‌കാരങ്ങളിൽ അനവധി വിശ്വാസികൾ പങ്കെടുത്തു. തഖ്ബീർ ധ്വനികളോടെ പ്രാർഥനകൾ ആരംഭിച്ച വിശ്വാസികൾ, പരസ്പരം ആശംസകളും മധുരങ്ങളും കൈമാറി സന്തോഷം പങ്കുവെച്ചു.

ഖത്തീബുമാർ ഇബ്രാഹീം നബി പ്രേരിപ്പിച്ച ത്യാഗവും സമർപ്പണവും ഓർമപ്പെടുത്തി, സമാധാനത്തിന്റെയും വിശുദ്ധിയുടെയും പ്രചാരകരാവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

Advertising
Advertising

കുവൈത്ത് ഗ്രാൻഡ് മോസ്‌കിൽ നടന്ന ബലിപെരുന്നാൾ നമസ്‌കാരത്തിൽ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് ഹമദ് അസ്സബാഹ് പങ്കെടുത്തു. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അഹ്‌മദ് അസ്സബാഹ്, മന്ത്രിമാർ, ഭരണകുടുംബത്തിലെ മുതിർന്ന അംഗങ്ങളും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

കെ.ഐ.ജി കുവൈത്തിന്റെ ആഭിമുഖ്യത്തിൽ ആറ് സ്ഥലങ്ങളിലായി ഈദ് ഗാഹുകൾ സംഘടിപ്പിച്ചു. അബ്ബാസിയ, സാൽമിയ, ഫഹാഹീൽ, മെഹ്ബൂല, റിഗ്ഗായ്, ഫർവാനിയ എന്നിവിടങ്ങളിൽ നടന്ന നമസ്‌കാരങ്ങളിൽ നൂറുക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

ഇന്ത്യൻ ഹുദ സെന്റർ നേതൃത്വത്തിൽ മംഗഫ് ബീച്ചിലും ഫർവാനിയ ബൈലിങ്ക്വൽ സ്‌കൂൾ സ്റ്റേഡിയത്തിലും ഈദ് ഗാഹുകൾ നടന്നു.

ഇന്ത്യൻ ഇസ്ലാഹി സെന്റർ വിവിധ മേഖലകളിൽ ഈദ് ഗാഹുകൾ നടത്തി. സാൽമിയ, മൻഗഫ്, മഹബൂല തുടങ്ങിയ സ്ഥലങ്ങളിലെ നമസ്‌കാരങ്ങൾക്ക് പ്രാദേശിക നേതാക്കൾ നേതൃത്വം നൽകി.

പെരുന്നാൾ നമസ്‌കാരങ്ങൾക്ക് ശേഷം മധുരം വിതരണം ചെയ്തും പരസ്പരം ആശംസകൾ പങ്കുവെച്ചും വിശ്വാസികൾ ഈദ് ആഘോഷിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News