കുവൈത്ത് മുനിസിപ്പല്‍ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിച്ചു

ആകെയുള്ള പത്ത് മുനിസിപ്പല്‍ മണ്ഡലങ്ങളില്‍ എട്ടിടത്താണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്

Update: 2022-05-22 04:45 GMT
Advertising

കുവൈത്തില്‍ പതിമൂന്നാമത് മുനിസിപ്പല്‍ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിച്ചു. ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച വേട്ടെടുപ്പ് രാത്രി എട്ടിനാണ് പൂര്‍ത്തിയായത്. തിരഞ്ഞെടുപ്പ് നടപടികള്‍ സുഗമമായിരുന്നുവെന്ന് നീതിന്യായ മന്ത്രി ജമാല്‍ അല്‍ ജലാവി പറഞ്ഞു.

102 സ്‌കൂളുകളിലായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ പോളിങ് സ്റ്റേഷനുകളാണ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരുന്നത്. കനത്ത ചൂട് കാരണം ഉച്ച തിരിഞ്ഞാണ് പോളിങ് സ്റ്റേഷനുകളില്‍ തിരക്ക് വര്‍ദ്ധിച്ചത്. എല്ലാ പോളിങ് സ്റ്റേഷനുകളിലും കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. വോട്ടര്‍മാരെ സഹായിക്കുന്നതിനായി ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക ബൂത്തുകളും വോട്ടെടുപ്പ് നടന്ന സ്‌കൂളുകളില്‍ ഒരുക്കിയിരുന്നു.


 



തിരഞ്ഞെടുപ്പു നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന നീതിന്യായമന്ത്രി ജമാല്‍ ജലാവി പോളിങ് സ്റ്റേഷനുകളില്‍ പര്യടനം നടത്തി. വിവിധമന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും ഏകോപനത്തോടെ സുഗമമായി തിരഞ്ഞെടുപ്പ് നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചതായി മന്ത്രി പറഞ്ഞു. വിദ്യാഭ്യാസം, ആഭ്യന്തരം, വൈദ്യുതി, ജല മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി എന്നിവയുടെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു.

ആകെയുള്ള പത്ത് മുനിസിപ്പല്‍ മണ്ഡലങ്ങളില്‍ എട്ടിടത്താണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നാല് വര്‍ഷം കൂടുമ്പോഴാണ് കുവൈത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News