കുവൈത്തില്‍ ഇലക്‌ട്രോണിക് സിക്ക് ലീവ് പ്രാബല്യത്തിൽ
'കുവൈത്ത് ഹെൽത്ത്' വഴിയോ 'സഹൽ ആപ്പ്' വഴിയോ ആണ് ലീവിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്
കുവൈത്തില്‍ ഇലക്‌ട്രോണിക് സിക്ക് ലീവ് പ്രാബല്യത്തിൽ വന്നതായി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ്. 'കുവൈത്ത് ഹെൽത്ത്' വഴിയോ “സഹൽ' ആപ്പ് വഴിയോ ആണ് ലീവിനായി അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന് അദ്ദേഹം അറിയിച്ചു.
വ്യാജ മെഡിക്കല്‍ സർട്ടിഫിക്കറ്റ് ഹാജരാക്കി സിക്ക് ലീവ് ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന്‍റെ ഭാഗമായാണ് ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തിയത്. നിലവില്‍ രാജ്യത്ത് ഓരോ വര്‍ഷവും മുപ്പത് ലക്ഷത്തിലേറെ മെഡിക്കൽ ലീവ് സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്.
ആപ്ലിക്കേഷനിലെ 'സേവനങ്ങൾ'എന്ന ഓപ്ഷൻ തിരഞ്ഞെടുത്തതിന് ശേഷം ആവശ്യമായ വിവരങ്ങള്‍ നല്‍കി സിക്ക് ലീവ് അപേക്ഷ സമര്‍പ്പിക്കണം. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഒരു ദിവസത്തേക്ക് മാത്രമേ ഇലക്‌ട്രോണിക് സിക്ക് ലീവിന് അപേക്ഷിക്കാൻ കഴിയുകയുള്ളൂ.
അപേക്ഷിക്കുന്ന ദിവസത്തിന്റെ അതേ തീയതിയിൽ തന്നെ ആയിരിക്കണം സിക്ക് ലീവ്. ഒരു മാസത്തില്‍ ഓണ്‍ലൈന്‍ വഴി അനുവദിക്കുന്ന രോഗാവധി പരമാവധി മൂന്നു ദിവസം ആയിരിക്കും. ഇതിൽ കൂടുതൽ അവധി ആവശ്യമാണെങ്കിൽ ആശുപത്രികളിൽ നേരിട്ട് എത്തി ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയമാകണം.
വര്‍ഷത്തില്‍ പരമാവധി 15 ദിവസം ഇലക്‌ട്രോണിക് സിക്ക് ലീവ് ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. വ്യാജ സിക്ക് ലീവ് നല്കുന്നതിന് പിന്നിൽ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.