കുവൈത്തിൽ കൂട്ട വധശിക്ഷ നടപ്പാക്കിയതിനെതിരെ യൂറോപ്യൻ യൂണിയൻ; രാഷ്ട്രീയവത്കരിക്കരുതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി

കുവൈത്ത് ഒരു ജനാധിപത്യ രാഷ്ട്രമാണെന്നും കോടതി തീരുമാനങ്ങളിൽ കൈകടത്താറില്ലെന്നും വിദേശകാര്യ മന്ത്രി ഷെയ്ഖ് സാലം അബ്ദുല്ല അൽ ജാബർ അൽ സബാ വ്യക്തമാക്കി.

Update: 2022-11-17 16:59 GMT

കുവൈത്ത് സിറ്റി: കുവൈത്തിൽ കൂട്ട വധശിക്ഷ നടപ്പാക്കിയ നടപടിയെ അപലപിച്ച് യൂറോപ്യൻ യൂണിയനും ആംനസ്റ്റി ഇന്റർനാഷണലും. യൂറോപ്യൻ യൂണിയന്റെ നിലപാടിനെതിരെ ശക്തമായ പ്രതികരണവുമായി കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സാലം അബ്ദുല്ല അൽ ജാബർ അൽ സബാ രംഗത്തെത്തി. വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതിൽ നിന്നും യൂറോപ്യൻ രാജ്യങ്ങൾ വിട്ട് നിൽക്കണമെന്ന് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.

കുവൈത്ത് ഒരു ജനാധിപത്യ രാഷ്ട്രമാണെന്നും കോടതി തീരുമാനങ്ങളിൽ കൈകടത്താറില്ലെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷമാണ് കുവൈത്തിൽ ഒരുമിച്ച് ഏഴ് പേരെ വധശിക്ഷക്ക് വിധേയമാക്കിയത്. കൂട്ട വധശിക്ഷയെ അതിരൂക്ഷമായി അപലപിച്ച് യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. എല്ലാ സാഹചര്യങ്ങളിലും വധശിക്ഷയെ യൂറോപ്യൻ യൂണിയൻ ശക്തമായി എതിർക്കുന്നുവെന്ന് യൂറോപ്യൻ യൂണിയൻ മനുഷ്യാവകാശ കമ്മീഷൻ വൈസ് പ്രസിഡന്റ് മാർഗരറ്റ് ഷിനാസ് പറഞ്ഞു. യൂറോപ്യൻ യൂണിയനും കുവൈത്തും തമ്മിലുള്ള അടുത്തയാഴ്ച നടക്കാനിരിക്കുന്ന മനുഷ്യാവകാശ ചർച്ചയിൽ ഈ വിഷയം ഉന്നയിക്കുമെന്ന് ഷിനാസ് വ്യക്തമാക്കി. വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിനെ ഉൾപ്പെടുത്താനുള്ള നീക്കങ്ങളെ പുതിയ സംഭവ വികാസങ്ങൾ ബാധിക്കുമെന്ന് യൂറോപ്യൻ യൂണിയൻ കുവൈത്ത് അംബാസഡർക്ക് മുന്നറിയിപ്പ് നൽകി. നേരത്തെ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലും വധശിക്ഷക്കെതിരെ രംഗത്ത് വന്നിരുന്നു. കൊലപാതകം പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കുവൈത്ത് അധികാരികൾക്ക് ബാധ്യതയുണ്ടെങ്കിലും പ്രതികളെ അന്താരാഷ്ട്ര നിയമം അനുസരിച്ച് വിചാരണ ചെയ്യണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ കുവൈത്തിനോട് ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News