വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്തു; മിനിറ്റുകൾക്കകം കുവൈത്ത് പ്രവാസിയുടെ ബാങ്ക് അക്കൗണ്ട് കാലി
രണ്ട് ഇടപാടുകളിലായി നഷ്ടപ്പെട്ടത് 226 ദിനാർ
കുവൈത്ത് സിറ്റി: വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്ത കുവൈത്ത് പ്രവാസിയുടെ ബാങ്ക് അക്കൗണ്ട് മിനിറ്റുകൾക്കകം കാലിയായി. രണ്ട് ഇടപാടുകളിലായി നഷ്ടപ്പെട്ടത് 226.5 ദിനാറാ( ഏകദേശം 63195 രൂപയാ)ണ് നഷ്ടപ്പെട്ടത്. ജഹ്റ പ്രദേശത്തെ പ്രവാസിയാണ് വൻ തട്ടിപ്പിൽപ്പെട്ടത്. ഒരു ഉത്പന്നം വാങ്ങാൻ തട്ടിപ്പുകാരുടെ പേയ്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്നാണ് തന്റെ മുഴുവൻ ബാങ്ക് ബാലൻസും ഇദ്ദേഹത്തിന് നഷ്ടപ്പെട്ടത്. ഒറ്റത്തവണ പാസ്വേഡ് (OTP) പങ്കിടാതെ തന്നെ മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ട് കാലിയാകുകയായിരുന്നു.
ഒരു ഉൽപ്പന്നത്തിന് ലാഭകരമായ വില മാത്രമേയുള്ളൂവെന്ന പരസ്യം സമൂഹ മാധ്യമത്തിൽ കണ്ട 54 കാരൻ പേയ്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുകയായിരുന്നു. പക്ഷേ ഇടപാട് പൂർത്തിയായില്ലെന്ന സന്ദേശമാണ് ലഭിച്ചത്. എന്നാൽ നിമിഷങ്ങൾക്കുശേഷം, രണ്ട് വ്യത്യസ്ത ഇടപാടുകളിലായി തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 226.5 കുവൈത്ത് ദിനാർ പിൻവലിച്ചതായി കണ്ടെത്തി. സംഭവത്തിൽ 149/2025 നമ്പർ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, അന്വേഷണം പുരോഗമിക്കുകയാണ്.