കുവൈത്ത് സമ്പദ്‍വ്യവസ്ഥയുടെ വളർച്ച 7 ശതമാനമായി ഉയരുമെന്ന് റിപ്പോർട്ട്

കുവൈത്ത് സാമ്പത്തിക വ്യവസ്ഥയുടെ ക്രെഡിറ്റ് റേറ്റിങ് പൂർണമായും എണ്ണ കയറ്റുമതി വരുമാനവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്

Update: 2022-10-11 16:54 GMT

എണ്ണ ഉൽപ്പാദനത്തിലെ വർധനവ് കുവൈത്ത് സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ഫിനാൻസ് പഠന റിപ്പോർട്ട്. സമ്പദ്‍വ്യവസ്ഥയുടെ വളർച്ച 7 ശതമാനമായി ഉയരുമെന്നും പണപ്പെരുപ്പം അടുത്ത വർഷത്തോടെ 2.3 ശതമാനമായി കുറയുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

കുവൈത്ത് സാമ്പത്തിക വ്യവസ്ഥയുടെ ക്രെഡിറ്റ് റേറ്റിങ് പൂർണമായും എണ്ണ കയറ്റുമതി വരുമാനവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. എണ്ണവില വീണ്ടും ഉയരുന്നതാണ് സാമ്പത്തിക വ്യവസ്ഥ തിരിച്ചുവരുമെന്ന പ്രതീക്ഷക്ക് അടിസ്ഥാനമെന്ന് റിപ്പോർട്ടിൽ പറയുന്നു. എണ്ണ ഉൽപ്പാദനത്തിൽ 10 ശതമാനം വർദ്ധനവുണ്ടായതിനാൽ കറന്റ് അക്കൗണ്ടിലെ മിച്ചവും വർദ്ധിച്ചിട്ടുണ്ട്. സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും വാണിജ്യ, നിക്ഷേപ കാര്യങ്ങളിലെ തടസ്സങ്ങൾ കുറയ്ക്കുന്നതിനും കൈക്കൊള്ളുന്ന നടപടികളും സാമ്പത്തിക മേഖലക്ക് ഉണർവേകിയതായി റിപ്പോർട്ടിൽ വ്യക്തമാക്കി.

Advertising
Advertising

ഗതാഗതം, യാത്ര, വാർത്താവിനിമയം, നിർമാണം, മറ്റു സേവനങ്ങൾ, സർക്കാർ വസ്തുക്കളും സേവനങ്ങളും എന്നിവയാണ് പ്രധാനമായ സേവന ഇടപാടുകൾ. ഈ സേവന ഇടപാടുകൾ മുൻവർഷത്തെ അപേക്ഷിച്ച് വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആഗോള ഇക്വിറ്റി നിക്ഷേപങ്ങളിൽ വലിയ നഷ്ടമുണ്ടായിട്ടും കുവൈറ്റ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ വിദേശ ആസ്തികൾ 678 ബില്യൺ ഡോളറായി ഉയർന്നതും സാമ്പത്തിക വളർച്ചക്ക് ആക്കം കൂട്ടി.

കുവൈത്തിൻറെ സാമ്പത്തിക രംഗം തിരിച്ചു വരവിൻറെ പാതയിലാണെന്നും അടുത്ത വർഷം കൂടുതൽ വേഗം കൈവരിക്കുമെന്നും ഇന്റർനാഷണൽ ഫിനാൻസ് റിപ്പോർട്ട് വ്യക്തമാക്കി. അതേസമയം തൊഴിലാളി ക്ഷാമവും ലോജിസ്റ്റിക്‌സ് കാലതാമസവും കാരണം വൻകിട സർക്കാർ പദ്ധതികളുടെ തുടർച്ചയായ കാലതാമസങ്ങൾ രാജ്യത്തെ വിദേശ നിക്ഷേപത്തിന് തടസ്സം സൃഷ്ടിക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News