കുവൈത്തിൽ ഗതാഗതം നിരീക്ഷിക്കാൻ ഹെലികോപ്റ്ററുകളും ഹൈടെക് ക്യാമറകളും

പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടികൾ

Update: 2025-09-04 16:37 GMT
Editor : Thameem CP | By : Web Desk

കുവൈത്ത് സിറ്റി: പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ, വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റോഡ് ഗതാഗതം നിയന്ത്രിക്കുന്നതിനും വേണ്ടി ആഭ്യന്തര മന്ത്രാലയം പ്രത്യേക ട്രാഫിക് പദ്ധതി പ്രഖ്യാപിച്ചു. ഹെലികോപ്റ്ററുകളും അത്യാധുനിക ക്യാമറകളും ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകൾ ഇതിനായി ഉപയോഗിക്കും.

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനാൽ റോഡുകളിൽ തിരക്ക് വർധിക്കാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത്, വിദ്യാർഥികളുടെ സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കാൻ സമഗ്രമായ സുരക്ഷാ പദ്ധതിയാണ് ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി, രാവിലെ 6:00 മുതൽ 8:30 വരെയും ഉച്ചയ്ക്ക് 12:00 മുതൽ 2:30 വരെയും 300ലധികം ട്രാഫിക്, രക്ഷാപ്രവർത്തന, പൊതുസുരക്ഷാ പട്രോളിംഗ് സംഘങ്ങളെ വിന്യസിക്കും.

Advertising
Advertising

ഗതാഗതം നിരീക്ഷിക്കുന്നതിനായി ഓപ്പറേഷൻസ് റൂമുമായി ബന്ധിപ്പിച്ചിട്ടുള്ള ഹെലികോപ്റ്ററുകളും ഹൈടെക് ക്യാമറകളും പ്രവർത്തിക്കും. സബാഹ് അൽ-സാലിം, ഹവല്ലി, ജബ്രിയ, ഫർവാനിയ, അൽ-റഖ, സൽവ തുടങ്ങിയ തിരക്കേറിയ പ്രദേശങ്ങൾക്ക് പ്രത്യേക മുൻഗണന നൽകും. പദ്ധതിയുടെ ഭാഗമായി, 150 സ്‌കൂളുകൾക്ക് നേരിട്ടുള്ള സുരക്ഷാ പരിരക്ഷ നൽകും. കൂടാതെ, റോഡ് അറ്റകുറ്റപ്പണികൾ കാരണം ഗതാഗത തടസ്സങ്ങൾ ഉണ്ടാവാതിരിക്കാൻ പൊതുമരാമത്ത് മന്ത്രാലയവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

കൂടാതെ, വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കാൽനട ക്രോസിംഗുകളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തും. സീറ്റ് ബെൽറ്റ് ധരിക്കാതെ കുട്ടികളെ വാഹനങ്ങളിൽ കൊണ്ടുപോകുന്ന മാതാപിതാക്കൾക്ക് പിഴ ചുമത്തും. തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് റോഡുകളിൽ പ്രവേശിക്കുന്നതിന് നിരോധനവും ഏർപ്പെടുത്തും. പ്രവാസി ഡ്രൈവർമാർക്കെതിരെയും കർശന നടപടികൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

പൊതുജനങ്ങളുടെ സഹകരണത്തോടെ മാത്രമേ സുരക്ഷയും ക്രമവും ഉറപ്പാക്കാൻ സാധിക്കൂ എന്ന് മേജർ ജനറൽ ഹമീദ് അൽ-ദവാസ് അഭിപ്രായപ്പെട്ടു. സുരക്ഷാ ക്രമീകരണങ്ങളുമായി സഹകരിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News