തൊഴിൽ വിപണിയിൽ സ്വദേശി പൗരന്മാരുടെ എണ്ണത്തിൽ പുരോഗതി: പദ്ധതികൾ ഊർജിതമാക്കാൻ കുവൈത്ത്

പതിനഞ്ചര ലക്ഷം പ്രവാസികൾ നിലവിൽ കുവൈത്തില്‍ വിവിധ തൊഴില്‍ മേഖലയില്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്

Update: 2023-01-28 17:34 GMT
Advertising

കുവൈത്തിലെ തൊഴിൽ വിപണിയിൽ സ്വദേശി പൗരന്മാരുടെ എണ്ണത്തിൽ നേരിയ പുരോഗതി. സര്‍ക്കാരിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം തൊഴില്‍ വിപണിയിൽ കുവൈത്തികളുടെ എണ്ണം 22.2 ശതമാനത്തിൽ എത്തിയതായി പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോർട്ട് ചെയ്തു. പൊതു-സ്വകാര്യ മേഖലകളിൽ 4,83,803 കുവൈത്തികളാണ് നിലവിൽ ജോലി ചെയ്യുന്നത്. ഇതില്‍ 1,84,953 പുരുഷന്മാരും 2,53,850 സ്ത്രീകളുമാണ്.

അതിനിടെ, സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്തിയിട്ടും തൊഴിൽ വിപണിയിൽ സ്വദേശി പൗരന്മാരുടെ വർദ്ധന നിരക്ക് പ്രതിവർഷം ഒരു ശതമാനത്തിൽ താഴെയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ജനസംഖ്യ ക്രമീകരിക്കാനുള്ള പദ്ധതികളുടെ ഭാഗമായി പ്രവാസി അവിദഗ്ധ തൊഴിലാളികളെ കുറക്കാൻ നടപടി സ്വീകരിച്ചിരുന്നു.

വിദേശി നിയമനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയും നിലവിലുള്ളവരെ പടിപടിയായി കുറച്ചും രാജ്യത്തെ ജനസംഖ്യ ക്രമീകരിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതരെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നാണ് വിലയിരുത്തല്‍. പതിനഞ്ചര ലക്ഷം പ്രവാസികൾ നിലവിൽ കുവൈത്തില്‍ വിവിധ തൊഴില്‍ മേഖലയില്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News