കുവൈത്തിൽ 16 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസെടുക്കാമെന്ന് ആരോഗ്യ മന്ത്രാലയം
ജനുവരി രണ്ടുമുതലാണ് കുവൈത്തിലേക്ക് വരുന്നവർക്ക് ബൂസ്റ്റർ ഡോസ് വാക്‌സിൻ നിർബന്ധമാക്കുന്നത്
കുവൈത്തിൽ 16 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് വാക്‌സിനെടുക്കാമെന്ന് ആരോഗ്യ മന്ത്രാലയം. മിഷ്രിഫ് ഇൻറർനാഷനൽ ഫെയർ ഗ്രൗണ്ട് ഉൾപ്പെടെ രാജ്യത്തെ എല്ലാ കുത്തിവെപ്പ് കേന്ദ്രങ്ങളിലും ബൂസ്റ്റർ ഡോസ് ലഭ്യമാണെന്നും അധികൃതർ അറിയിച്ചു. മിഷ്രിഫ് വാക്‌സിനേഷൻ സെൻററിൽ അപ്പോയൻറ്‌മെൻറ് ഇല്ലാതെ എത്തിയാലും കുത്തിവെപ്പ് എടുക്കാമെന്നും മറ്റു കേന്ദ്രങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർ എം.ഒ.എച്ച്. വെബ്‌സൈറ്റ് വഴി അപ്പോയൻറ്‌മെൻറ് എടുക്കണമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജനുവരി രണ്ടുമുതലാണ് കുവൈത്തിലേക്ക് വരുന്നവർക്ക് ബൂസ്റ്റർ ഡോസ് വാക്‌സിൻ നിർബന്ധമാക്കുന്നത്. രണ്ടാം ഡോസ് എടുത്ത് ഒമ്പത് മാസം കഴിഞ്ഞവർക്കാണ് നിബന്ധന ബാധകമാകുക. മിഷ്രിഫിൽ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ രാത്രി എട്ടു മണി വരെയും ശനിയാഴ്ച രാവിലെ പത്ത് മുതൽ വൈകീട്ട് നാലു മണിവരെയും വാക്‌സിൻ വിതരണമുണ്ടാകും.
തിരഞ്ഞെടുത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് മൂന്നു മുതൽ രാത്രി പത്ത് മണിവരെയാണ് വിതരണം. സെക്കന്റ് ഡോസ് എടുത്ത് ആറ് മാസം പിന്നിട്ടവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. അർബുദ രോഗികൾ, അവയവ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ എന്നിവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം ആറ് മാസം പൂർത്തിയാകാതെ തന്നെ മൂന്നാമത്തെ ഡോസ് എടുക്കാവുന്നതാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.