കുവൈത്തിൽ വാഹനങ്ങളുടെ സാങ്കേതിക പിഴവുകൾ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കി

കഴിഞ്ഞ ദിവസം ഖെയ്ത്താൻ കേന്ദ്രീകരിച്ചു നടത്തിയ പരിശോധന കാമ്പയിനിൽ 1200 നിയമ ലംഘനങ്ങൾ കണ്ടെത്തി

Update: 2022-07-28 18:52 GMT
Editor : ijas

കുവൈത്തിൽ നിരത്തിലോടുന്ന വാഹനങ്ങളുടെ സാങ്കേതിക പിഴവുകൾ കണ്ടെത്താൻ ഗതാഗത വകുപ്പിലെ ടെക്നിക്കൽ ഇൻസ്‌പെക്ഷൻ വിഭാഗം പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം ഖെയ്ത്താൻ കേന്ദ്രീകരിച്ചു നടത്തിയ പരിശോധന കാമ്പയിനിൽ 1200 നിയമ ലംഘനങ്ങൾ കണ്ടെത്തി. രാജ്യവ്യാപകമായി നടത്തുന്ന കാമ്പയിനിലൂടെ വാഹനാപകടങ്ങളും അന്തരീക്ഷ മലിനീകരണവും കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.

പ്രധാന നിരത്തുകളിൽ നിന്ന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും ചെറിയ അപകടമുണ്ടായാൽ പോലും ദുരന്തങ്ങൾക്ക് കാരണമാകുന്നതുമായ നിരവധി ഡീസൽ ടാങ്കറുകളും ട്രക്കുകളും പരിശോധക സംഘം പിടിച്ചെടുത്തു. ഇത്തരം വാഹനങ്ങൾ റോഡിൽ ഇറക്കുന്നത് മറ്റുള്ളവരുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയുണ്ടാകുന്നതാണെന്ന് ഗതാഗത വകുപ്പ് ടെക്‌നിക്കൽ എക്‌സാമിനേഷൻ വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ മിഷാൽ അൽ സുവൈജി പറഞ്ഞു. ഏകദേശം 1,220 നിയമലംഘനങ്ങൾ ആണ് പ്രഭാത വേളയിൽ നടത്തിയ കാമ്പയിനിലൂടെ കണ്ടെത്തിയത്. സുരക്ഷാ മുൻനിർത്തിയുള്ള സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കാത്തതിന് പുറമെ ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ വാഹനത്തിന്‍റെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ നിരധി വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Advertising
Advertising
Full View

കടുത്ത പുക പുറന്തള്ളൽ, ഹെഡ് ലൈറ്റ് പ്രവർത്തിക്കാതിരിക്കൽ, ശല്യമുണ്ടാവുന്ന തരത്തിലുള്ള ഹോൺ, വാഹനത്തിന്‍റെ ഉൾഭാഗം കാണാൻ സാധിക്കാത്ത തരത്തിൽ വിൻഡോകൾ ഷെയ്ഡ് ചെയ്യൽ എന്നിവക്കും പെനാൽറ്റി നോട്ടീസ് നൽകിയിട്ടുണ്ട് ടെക്നിക്കൽ ഫിറ്റ്നസ് ടെസ്റ്റ് പാസാകാത്ത വാഹനങ്ങൾ നിരത്തിലായിരിക്കുന്നത് കുറ്റകരമാണ്. ഇക്കാര്യം വാഹനമോടിക്കുന്നവരെ ബോധവത്കരിക്കുന്നതിനായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്‍റ് ആരംഭിച്ച കാമ്പയിൻ രാജ്യവ്യാപകമായി തുടരുകയാണ്. വേനൽക്കാലത്ത് വാഹനമോടിക്കുന്നവർ കാലാനുസൃതമായ അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ടെന്നും, ടയറുകളും പുകയും ഇടക്കിടെ പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News