കുവൈത്തിൽ പുതിയ മന്ത്രിസഭാ രൂപീകരണത്തിനുള്ള തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുന്നതായി റിപ്പോർട്ട്
അടുത്ത ആഴ്ചയോടെ മന്ത്രിമാരുടെ അന്തിമ ലിസ്റ്റ് തയാറാകുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ മന്ത്രിസഭാ രൂപീകരണത്തിനുള്ള തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുന്നതായി റിപ്പോർട്ട്. നിയുക്ത പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അൽ നവാഫ് അസ്വബാഹിന്‍റെ നേതൃത്വത്തിൽ ആണ് വിവിധ രാഷ്ട്രീയ ബ്ലോക്കുകളുമായി കൂടിയാലോചനകൾ നടത്തുന്നത്. അടുത്ത ആഴ്ചയോടെ മന്ത്രിമാരുടെ അന്തിമ ലിസ്റ്റ് തയാറാകുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യത്തിന്‍റെ സാമ്പത്തിക ബജറ്റ് അവതരണം ഉൾപ്പെടെയുള്ള അടിയന്തിര കാര്യങ്ങൾക്കായി പാർലിമെന്‍റ് സമ്മേളനം ഉടൻ വിളിച്ചു ചേർക്കേണ്ടതുണ്ട്. ഇതിനു മുന്നോടിയായി കാബിനറ്റ് അംഗങ്ങൾ ചുമതലയേൽക്കണമെന്നതാണ് ചട്ടം. അത് കൊണ്ട് തന്നെ മന്ത്രിമാരെ കണ്ടെത്തുന്നതിനുള്ള തിരക്കിട്ട നീക്കങ്ങൾ ആണ് നടക്കുന്നത്. കുവൈത്ത് ഭരണഘടന അനുസരിച്ചു പ്രധാനമന്ത്രിയാണ് മന്ത്രിമാരെ നിർദേശിക്കേണ്ടത്. തുടർന്ന് കാബിനറ്റ് അംഗങ്ങൾ അമീറിന് മുന്നിൽ സത്യ പ്രതിജ്ഞ ചെയ്താണ് അധികാരം ഏറ്റെടുക്കുക. മന്ത്രിമാരുടെ പട്ടിക തയ്യാറാക്കുന്നതിനായി നിയുക്ത പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അൽ നവാഫ് രാജ്യത്തെ വിവിധ രാഷ്ട്രീയ ബ്ലോക്കുകളുമായും രാജ കുടുംബത്തിലെ പ്രമുഖരുമായും കൂടിയാലോചനകളും ചർച്ചകളും നടത്തിവരുന്നതായാണ് റിപ്പോർട്ടുകൾ. അടുത്ത ആഴ്ച തന്നെ പുതിയ മന്ത്രിസഭ അധികാരമേൽക്കുമെന്നാണ് സൂചന.
രാജ്യത്തിന്‍റെ പൊതു ബജറ്റ്, അന്തിമ അക്കൗണ്ടുകൾ, അറ്റാച്ച് ചെയ്തതും സ്വതന്ത്രവുമായ മറ്റു ബജറ്റുകൾ എന്നിവക്കായി സമ്മേളിച്ച ശേഷം നിലവിലെ പാർലിമെന്‍റ് പിരിച്ചു വിട്ട് തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനാണ് സാധ്യത. സെപ്റ്റംബറിലോ ഒക്ടോബറിലോ പാർലിമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഇടയുള്ളതിനാൽ പുതിയ മന്ത്രിസഭക്ക് ആയുസ്സ് കുറവായിരിക്കും. തെരഞ്ഞെടുപ്പിന് ശേഷം രൂപീകരിക്കുന്ന പുതിയ മന്ത്രിസഭക്കും ശൈഖ് അഹമ്മദ് അൽ നവാഫ് അസ്വബാഹ് തന്നെയായിരിക്കും നേതൃത്വം നൽകുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.