ദുർറ എണ്ണപ്പാടം പൂർണമായും തങ്ങളുടെയും സൗദിയുടെയും ഉടമസ്ഥതയിലുള്ളതാണെന്ന് കുവൈത്ത്
ദുർറ എണ്ണപ്പാടം പൂർണമായും കുവൈത്തിന്റെയും സൗദി അറേബ്യയുടെയും ഉടമസ്ഥതയിലുള്ളതാണെന്ന് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. സാദ് അൽ ബറാക് വ്യക്തമാക്കി.
എണ്ണപ്പാടത്തെ കുറിച്ചുള്ള പാർലമെന്ററി ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇറാന്റെ അവകാശവാദങ്ങൾ തെറ്റാണ്. ഈ മേഖലയിലെ പ്രകൃതിവിഭവങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള പൂർണ അവകാശം കുവൈത്തിനും, സൗദിക്കും മാത്രമാണെന്നും അൽ ബറാക് പറഞ്ഞു.
കുവൈത്ത്, സൗദി, ഇറാന്‍ സമുദ്രാതിര്‍ത്തികളിലായാണ് ദുര്‍റ എണ്ണപ്പാടം സ്ഥിതിചെയ്യുന്നത്. എണ്ണപ്പാടത്തിന്റെ ഒരുഭാഗം കുവൈത്ത് സമുദ്രപരിധിയിലും മറ്റൊരുഭാഗം ഇതുവരെ അതിര്‍ത്തി നിര്‍ണയിക്കപ്പെട്ടിട്ടില്ലാത്ത കുവൈത്ത്, സൗദി സമുദ്രഭാഗങ്ങളിലുമാണ്. അന്താരാഷ്ട്ര നിയമങ്ങൾക്കും തത്ത്വങ്ങൾക്കും അനുസൃതമായി ഇറാനുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കുവൈത്തും സൗദി അറേബ്യയും നേരത്തെ വ്യക്തമാക്കിയിരുന്നു.