ഫലസ്തീനിലെ ഇസ്രായേൽ ആക്രമണങ്ങളെ അപലപിച്ച് കുവൈത്ത്
ഇസ്രായേൽ ആക്രമണങ്ങൾ മേഖലയിലെ സമാധാനത്തിന് തടസ്സമാണെന്ന് കുവൈത്ത്
ഫലസ്തീൻ ജനതക്കെതിരായ ഇസ്രായേൽ ആക്രമണങ്ങളെ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് അപലപിച്ചു. ഇസ്രായേൽ ആക്രമണങ്ങൾ മേഖലയിലെ സമാധാനത്തിന് തടസ്സമാണെന്ന് കുവൈത്ത് വ്യക്തമാക്കി.
ഫലസ്തീൻ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ കുവൈത്ത് അപലപിച്ചു. ആക്രമണത്തിൽ നിരവധി ഫലസ്തീനികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമങ്ങളും യു.എൻ പ്രമേയങ്ങളും ലംഘിച്ചുള്ള ഇസ്രായേൽ സേനയുടെ എല്ലാ പ്രവൃത്തികളും കുവൈത്ത് അപലപിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.
ഫലസ്തീൻ ജനതക്കെതിരായ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാനും ജനങ്ങൾക്കും സ്വത്തുക്കൾക്കും പൂർണ സംരക്ഷണം നൽകാനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. ഇസ്രായേൽ ആസൂത്രിതമായ ആക്രമണം തുടരുകയാണെന്ന് കൈറോയിൽ നടന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ 159ാമത് സെഷനിൽ വിദേശ കാര്യ മന്ത്രി ചൂണ്ടിക്കാട്ടി. സംഘർഷത്തിന് ശാശ്വതവും സമഗ്രവുമായ പരിഹാരം കൈവരിക്കാൻ ലക്ഷ്യമിടുന്ന എല്ലാ ശ്രമങ്ങൾക്കും കുവൈത്തിന്റെ പൂര്‍ണ്ണ പിന്തുണ അദ്ദേഹം അറിയിച്ചു.