കുവൈത്തിൽ ഒരു വർഷത്തിനിടെ റദ്ദാക്കിയത് 12,500ലധികം വ്യാജ വിലാസങ്ങൾ

ഹവല്ലി, ജലീബ്, മഹബൂല തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ വിലാസങ്ങള്‍ റദ്ദാക്കപ്പെട്ടത്

Update: 2025-05-19 16:44 GMT
Editor : Thameem CP | By : Web Desk

കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 12,500ലധികം വ്യാജ വിലാസങ്ങൾ റദ്ദാക്കി. ഹവല്ലി, ജലീബ്, മഹബൂള തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ വിലാസങ്ങൾ റദ്ദാക്കപ്പെട്ടത്. കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്നും ഉടമകൾ നൽകിയ വിവരങ്ങൾ അനുസരിച്ചുമാണ് വിലാസങ്ങൾ റദ്ദാക്കുന്നത്.

രേഖകൾ നീക്കം ചെയ്യപ്പെട്ടവർ 30 ദിവസത്തിനകം പാസി ഓഫീസിൽ പുതിയ വിലാസം രജിസ്റ്റർ ചെയ്യണം. സമയപരിധിയിൽ വിലാസം അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ 100 ദിനാർ വരെ പിഴ ഈടാക്കും. 49 പേർ മരണപ്പെട്ട മംഗഫ് തീപിടിത്ത ദുരന്തത്തിന് ശേഷമാണ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സിവിൽ ഐഡിയിലെ താമസ വിലാസങ്ങൾ കർശനമാക്കിയത്. കൃത്രിമത്വം കുറയ്ക്കാനും, സുതാര്യത ഉറപ്പാക്കാനുമാണ് നടപടി.

വ്യാജ വിലാസം ഉപയോഗിച്ച് റെസിഡൻസി രജിസ്റ്റർ ചെയ്യാൻ കെട്ടിട ഉടമകൾ പണം ഈടാക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ദേശീയ സുരക്ഷയും പൊതുസുരക്ഷയും ഉറപ്പാക്കാൻ വിലാസ വിവരങ്ങൾ കൃത്യമായിരിക്കണമെന്നും, മംഗഫ് പോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News