കുവൈത്ത് - ഗൂഗിൾ ക്ലൗഡ് കരാർ; ഡിജിറ്റൽ ഭാവിയിലേക്കുള്ള പ്രധാന ചുവടുവയ്പാണെന്ന് കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി
ക്ലൗഡ് ഡേ കുവൈത്ത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
കുവൈത്ത് സിറ്റി: കുവൈത്ത് ഗവൺമെന്റും ഗൂഗിൾ ക്ലൗഡും തമ്മിലുള്ള പുതിയ കരാർ കുവൈത്തിന്‍റെ ഡിജിറ്റൽ ഭാവിയിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പാണെന്ന് കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ഒമർ അൽ ഒമർ. ക്ലൗഡ് ഡേ കുവൈത്ത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരാറിന്റെ ഭാഗമായി സർക്കാർ സംവിധാനങ്ങളെ ഗൂഗിൾ ക്ലൗഡിലേക്ക് മാറ്റാനും, സുരക്ഷിതമായ ഡാറ്റാ കൈമാറ്റത്തിനായി നാഷണൽ ഡാറ്റ എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോം സ്ഥാപിക്കാനും പദ്ധതികൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. എട്ട് സർക്കാർ സ്ഥാപനങ്ങളിലായി 67ലധികം ഡിജിറ്റൽ ഇന്റർഫേസുകൾ ഇതിനകം പ്രവർത്തനം തുടങ്ങി.
ഗവൺമെന്റ് ജീവനക്കാരുടെ ഡിജിറ്റൽ പരിശീലനം, ഗൂഗിൾ മാപ്പ് ഡാറ്റ മെച്ചപ്പെടുത്തൽ, ടൂറിസം രംഗത്തെ എഐ ഉപയോഗം തുടങ്ങിയ മൂന്ന് പദ്ധതികളാണ് ഗൂഗിൾ ക്ലൗഡ് ജനറൽ മാനേജർ ഷൈമ അൽ-ടെർകൈറ്റ് ചടങ്ങില്‍ പ്രഖ്യാപിച്ചത്. ഇതിനകം 2,000-ത്തിലധികം കുവൈത്തികള്‍ക്ക് ഗൂഗിൾ ക്ലൗഡ് സാങ്കേതികവിദ്യകളിൽ പരിശീലനം ലഭിച്ചതായും അവർ അറിയിച്ചു.
കുവൈത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിന് ഗൂഗിൾ പൂർണ പിന്തുണ നൽകുമെന്നും മിഡിൽ ഈസ്റ്റ് ഗൂഗിൾ ക്ലൗഡ് ഡയറക്ടർ അബ്ദുൽറഹ്മാൻ അൽ ദഹെബാൻ പറഞ്ഞു.