വിസ നടപടികൾ ഇനി അതിവേഗം; കുവൈത്തിൽ പുതിയ ഇ-വിസ സംവിധാനം ആരംഭിച്ചു
ടൂറിസ്റ്റ് വിസ, ഫാമിലി വിസിറ്റ് വിസ, ബിസിനസ് വിസ, ഒഫീഷ്യൽ വിസ എന്നിങ്ങനെ നാല് തരം വിസകളാണ് ലഭ്യമാകുക
കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള സന്ദർശന വിസകൾ തേടുന്നവർക്ക് നടപടികൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായി പുതിയ ഇലക്ട്രോണിക് വിസ (ഇ-വിസ) സംവിധാനം ആരംഭിച്ചു. ടൂറിസ്റ്റ് വിസ, ഫാമിലി വിസിറ്റ് വിസ, ബിസിനസ് വിസ, ഒഫീഷ്യൽ വിസ എന്നിങ്ങനെ നാല് തരം വിസിറ്റ് വിസകൾക്കാണ് പുതിയ സേവനം ലഭ്യമാകുക. യാത്രക്കാർക്കും താമസക്കാർക്കും പ്രവേശന നടപടിക്രമങ്ങൾ ലളിതമാക്കാനും വേഗത്തിലാക്കാനും ഇത് സഹായിക്കും. ടൂറിസം, വ്യാപാരം, നിക്ഷേപം, അന്താരാഷ്ട്ര സഹകരണം എന്നിവയുടെ പ്രാദേശിക കേന്ദ്രമായി മാറാനുള്ള കുവൈത്തിന്റെ ശ്രമങ്ങളിൽ ഒരു പ്രധാന നാഴികക്കല്ലാണ് ഈ നീക്കം.
നാല് തരം വിസകളുടെ വിശദാംശങ്ങൾ:
ടൂറിസ്റ്റ് വിസ: കുവൈത്തിന്റെ സാംസ്‌കാരിക പൈതൃകം, ആധുനിക ആകർഷണങ്ങൾ, മനോഹരമായ തീരപ്രദേശങ്ങൾ എന്നിവ കാണാൻ ആഗ്രഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്ത ഈ വിസയ്ക്ക് 90 ദിവസം വരെ കാലാവധിയുണ്ട്.
കുടുംബ സന്ദർശന വിസ: കുവൈത്തിലെ താമസക്കാർക്ക് തങ്ങളുടെ ബന്ധുക്കളെ രാജ്യത്തേക്ക് ക്ഷണിക്കാൻ ഈ വിസ സഹായിക്കും. 30 ദിവസമാണ് ഈ വിസയുടെ കാലാവധി.
ബിസിനസ് വിസ: വിദേശ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾക്ക് യോഗങ്ങൾ, കോൺഫറൻസുകൾ അല്ലെങ്കിൽ മറ്റ് പ്രൊഫഷണൽ ആവശ്യങ്ങൾക്കായി കുവൈത്ത് സന്ദർശിക്കാൻ ഈ വിസ ഉപയോഗിക്കാം. 30 ദിവസമാണ് ഇതിനും കാലാവധി.
ഔദ്യോഗിക വിസ: സർക്കാർ പ്രതിനിധി സംഘങ്ങൾക്കും നയതന്ത്ര ദൗത്യങ്ങളിലുള്ളവർക്കും ഔദ്യോഗിക ആവശ്യങ്ങൾക്കായി ഈ വിസ ലഭിക്കും.