നിയമപരമല്ലാതെ പിരിക്കുന്ന സംഭാവനകള്‍; കുവൈത്തില്‍ സാമൂഹിക കാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ ഫീൽഡ് സന്ദർശനങ്ങള്‍ ഊര്ജ്ജിതപ്പെടുത്തി
വിദേശികള്‍ ആണെങ്കില്‍ വിചാരണ കൂടാതെ നാട് കടത്തുമെന്നും സ്വദേശികള്‍ ആണെങ്കില്‍ നിയമം അനുശാസിക്കുന്ന ശിക്ഷയും പിഴയും ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംഭാവനകള്‍ പിരിക്കുന്നതും നിരീക്ഷിക്കുന്നതിന്‍റെ ഭാഗമായി 692 പള്ളികളിലും നാല്‍പതോളം ചാരിറ്റബിൾ സൊസൈറ്റി ആസ്ഥാനത്തുമാണ് ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകൾ പരിശോധന നടത്തിയത്. സാമൂഹ്യ ക്ഷേമ മന്ത്രാലയത്തില്‍ നിന്നും അനുമതി കരസ്ഥമാക്കിയ ചാരിറ്റി സംഘടനകള്‍ക്കാണ് ഉദാരമതികളില്‍ നിന്ന് പണം പിരിക്കാന്‍ അനുമതി ഉണ്ടാവുക.
നിയമപരമല്ലാതെ പിരിക്കുന്ന സംഭാവനകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വിദേശികള്‍ ആണെങ്കില്‍ വിചാരണ കൂടാതെ നാട് കടത്തുമെന്നും സ്വദേശികള്‍ ആണെങ്കില്‍ നിയമം അനുശാസിക്കുന്ന ശിക്ഷയും പിഴയും ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ധന സമാഹരണത്തിനായി സോഷ്യൽ മീഡിയയിലൂടെ കാമ്പയിന്‍ നടത്തിയ എഴുപതോളം റെസ്റ്റോറന്റുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാണിജ്യമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
അതോടൊപ്പം അനധികൃതമായി ആരാധനാലയങ്ങളിലും തെരുവുകളിലും സോഷ്യല്‍ മീഡിയ വഴിയും പണം ശേഖരിച്ച ആളുകളുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ഫീൽഡ് ഇൻസ്പെക്ഷൻ ടീം അറിയിച്ചു.കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അനധികൃത പണപ്പിരിവുകൾ ഗണ്യമായി കുറഞ്ഞതായാണ് അധികൃതരുടെ വിലയിരുത്തല്‍.