കുട്ടികളിൽ അക്രമവാസന വളർത്തുന്നു; കുവൈത്തിലും റോബ്ലോക്‌സ് ഗെയിം നിരോധിക്കാൻ നീക്കം
റോബ്ലോക്‌സ് നിരോധിക്കാൻ കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചു
കുവൈത്ത് സിറ്റി: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രശസ്ത ഓൺലൈൻ ഗെയിമായ റോബ്ലോക്‌സ് നിരോധിക്കാൻ കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചു. ഗെയിം കുട്ടികളിൽ അക്രമവാസന വളർത്തുന്നു എന്നും സദാചാര മൂല്യങ്ങൾക്ക് നിരക്കാത്ത ഉള്ളടക്കങ്ങൾ ഇതിൽ ഉണ്ടെന്നും ചൂണ്ടിക്കാട്ടി പൊതുജനങ്ങളിൽ നിന്നും വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്നാണ് നടപടി. പ്രാദേശിക ദിനപത്രമാണ് ഇത് റിപ്പോർട്ട് ചെയ്തത്.
രക്തരൂഷിതമായ രംഗങ്ങളും, സാമൂഹിക വിരുദ്ധമായ സ്വഭാവങ്ങളും, കുട്ടികൾക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങളും റോബ്ലോക്‌സിൽ ഉണ്ടെന്ന് പൊതുജനങ്ങൾ പരാതിയിൽ ചൂണ്ടിക്കാട്ടി. ഖത്തർ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളും, ചൈന, തുർക്കി, ജോർദാൻ, നോർത്ത് കൊറിയ എന്നിവിടങ്ങളിലും റോബ്ലോക്‌സ് നിരോധിച്ചിട്ടുണ്ട്. കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ രാജ്യങ്ങളിലും ഗെയിം നിരോധിച്ചത്.