കുവൈത്ത് മോഡേണാവും; പൊതുഇടങ്ങളിലെ കാർപാർക്കിങ് ഷെഡുകൾ ഏകീകരിക്കുന്നു

പുതിയ ഷെഡിന്റെ രൂപകൽപന പൂർത്തിയായി

Update: 2025-11-09 11:28 GMT
Editor : Mufeeda | By : Web Desk

കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതു ഇടങ്ങളിലുള്ള കാർ പാർക്കിങ് സംവിധാനങ്ങൾ ആധുനികവും ഏകീകൃതവുമാക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാ​ഗമായി ഏഴ് ​ഗവൺമെന്റ് ഏജൻസികളാണ് കാർ പാർക്കിങ് ഷെഡുകളുടെ നിർമാണം നിയന്ത്രിക്കുന്നതിനുള്ള ഗൈഡ് തയ്യാറാക്കിയത്.

സഹകരണ സംഘങ്ങൾ, സ്കൂളുകൾ, പള്ളികൾ, ക്ലിനിക്കുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവയുൾപ്പെടെയുള്ള പൊതു സ്ഥാപനങ്ങളുടെ കാർ പാർക്ക് ഷെഡുകളുടെ രൂപകൽപനയാണ് പൂർത്തിയാക്കിയത്.

സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനൊപ്പം ന​ഗരത്തിന്റെ രൂപത്തിൽ ആകർഷകമായ മാറ്റം വരുത്തുന്നതിനുമാണ് പദ്ധതി. അതിതീവ്ര ചൂടിൽ നിന്ന് സംരക്ഷണമേകുന്ന ഷെഡായിരിക്കും നിർമിക്കുക. കാലാവസ്ഥാ പ്രതിരോധശേഷിയുള്ള വസ്തുക്കൾ, മഴവെള്ള ഡ്രെയിനേജ്, വെന്റിലേഷൻ സംവിധാനങ്ങൾ, പരിസ്ഥിതിയുമായി യോജിക്കുന്ന നിറവും രൂപവും എന്നിവ ഡിസൈനിൽ ഉറപ്പാക്കിയിട്ടുണ്ട്.

Advertising
Advertising

സ്ഥാപനങ്ങൾ മന്ത്രിസഭയുടെ പൊതു സേവന കമ്മിറ്റിക്ക് പുതിയ മാർഗനിർദേശങ്ങൾ സമർപ്പിച്ചു. സാമൂഹിക കാര്യ മന്ത്രാലയം, വൈദ്യുതി-ജല-പുനരുപയോഗ ഊർജ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവ സഹകരിച്ച് സോളാർ പവർ കാർപാർക്ക് ഷെഡുകളുടെ സാധ്യതയും പരിശോധിക്കും.

എല്ലാ സർക്കാർ സ്ഥാപനങ്ങളും അംഗീകൃത ഡിസൈനുകൾ കർശനമായി പാലിക്കണമെന്ന് അധിക‍ൃതർ വ്യക്തമാക്കി. ലൈസൻസില്ലാത്തതോ മാനദണ്ഡങ്ങൾ ലംഘിക്കുന്നതോ ആയ ഷെഡുകൾ മുനിസിപ്പാലിറ്റി നീക്കം ചെയ്യും. എഞ്ചിനീയറിങ് സ്ഥാപനങ്ങളാണ് പ്രൊജക്ട് നിർവഹണവും മേൽനോട്ടവും വഹിക്കേണ്ടത്. പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനായി ദേശവ്യാപക കാമ്പയിൻ ആരംഭിക്കുമെന്ന് സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News