ഇസ്രയേലി ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കുവൈത്ത് എം.പിമാർ
ഇസ്രായേലിനെ ബഹിഷ്‌കരിക്കാൻ കുവൈത്ത് എം.പിമാർ ആവശ്യപ്പെട്ടു
കുവൈത്തിൽ ഫലസ്തീന് പിന്തുണയേറുന്നു. ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണങ്ങൾക്കും ലംഘനങ്ങൾക്കുമെതിരെ സംയുക്ത പ്രസ്താവനയുമായി കുവൈത്ത് എം.പിമാർ. ദേശീയ അസംബ്ലിയിലെ 45 അംഗങ്ങൾ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിൽ ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന കിരാത നടപടികളോട് ആഗോള രാജ്യങ്ങൾ മൗനം പാലിക്കുകയാണ്.
ജറുസലേമിലെ ഇസ്ലാമിക സങ്കേതങ്ങൾ നശിപ്പിക്കുന്നതും അൽ-അഖ്സ പള്ളിയിലേക്കുള്ള നുഴഞ്ഞുകയറ്റവും നാൾക്ക്‌നാൾ വർദ്ധിച്ച് വരികയാണ്. ഇത്തരം ആക്രമണങ്ങൾക്കും ലംഘനങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കുകയല്ലാതെ ഫലസ്തീനികൾ മറ്റ് വഴികളിലില്ലെന്ന് സംയുക്ത പ്രസ്താവനയിൽ എം.പിമാർ പറഞ്ഞു.
ഇപ്പോഴത്തെ ആക്രമണങ്ങൾ ഇസ്രായേൽ അധിനിവേശ കുറ്റകൃത്യങ്ങളോടുള്ള സാധാരണ പ്രതികരണവും സ്വയം പ്രതിരോധത്തിനുള്ള നിയമാനുസൃതമായ നടപടിയുമാണ്. ഫലസ്തീൻ ജനതയുടെ പോരാട്ടത്തെ പിന്തുണക്കുന്നതിന് അറബ്, മുസ്‌ലിം രാജ്യങ്ങൾ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്ന് കുവൈത്ത് പാർലിമെന്റ് അംഗങ്ങൾ അഭ്യർഥിച്ചു. ഇസ്രായേലിനെ ബഹിഷ്‌കരിക്കാനും എം.പിമാർ ആവശ്യപ്പെട്ടു.