പുനഃസംഘടനക്കായി കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

പാർലമെന്‍റിന് അനഭിമതരായ മന്ത്രിമാരെ ഒഴിവാക്കിയും കൂടുതൽ പാർലമെന്‍റ് അംഗങ്ങളെ ഉൾപ്പെടുത്തിയും പുതിയ മന്ത്രി സഭ ഉടനുണ്ടാകും

Update: 2021-11-08 14:34 GMT
Advertising

പുനഃസംഘടനക്കായി കുവൈത്ത് മന്ത്രിസഭ രാജിവെച്ചു. പാർലമെന്‍റിന് അനഭിമതരായ മന്ത്രിമാരെ ഒഴിവാക്കിയും കൂടുതൽ പാർലമെന്‍റ് അംഗങ്ങളെ ഉൾപ്പെടുത്തിയും പുതിയ മന്ത്രി സഭ ഉടനുണ്ടാകും. സർക്കാർ പാർലിമെന്‍റ് ബന്ധം നന്നാക്കാനുള്ള ദേശീയ സംവാദത്തിന്‍റെ ഭാഗമായാണ് മന്ത്രിസഭ രാജിവെച്ചത്

തിങ്കളാഴ്ച കാലത്ത് ചേർന്ന അസാധാരണ കാബിനറ്റ് യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്വബാഹ് മന്ത്രിസഭയുടെ രാജി അമീർ ശൈഖ് നവാഫ് അൽ അഹ്‌മദ്‌ അസ്വബാഹിന് സമർപ്പിച്ചത്. പാർലമെന്‍റും സർക്കാറും തമ്മിലുള്ള ബന്ധം നന്നാക്കുന്നതിനായി അമീറിന്‍റെ താല്പര്യപ്രകാരം നടക്കുന്ന ദേശീയ സംവാദത്തിന്‍റെ ചുവടുപിടിച്ചാണ് കാബിനറ്റ് പുനസ്സംഘടിപ്പിക്കുന്നത്. പുതിയ മന്ത്രിസഭയെയും നിലവിലെ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് തന്നെ നയിക്കാനാണ് സാധ്യത.

നിലവിലെ മന്ത്രിമാരിൽ പകുതിയിലേറെ പേർ പുതിയ മന്ത്രിസഭയിലും ഇടം പിടിച്ചേക്കും. പാർലമെന്‍റിന് അനഭിമതരായ മന്ത്രിമാരെ ഒഴിവാക്കിയും കൂടുതൽ പാർലമെന്‍റ് അംഗങ്ങളെ ഉൾപ്പെടുത്തിയുമാണ് പുതിയ മന്ത്രിസഭ രൂപവത്കരിക്കുക എന്നാണ് സൂചന. ഒരു വർഷത്തിനുള്ളിൽ രണ്ടാം തവണയാണ് മന്ത്രിസഭ രാജിവെക്കുന്നത്.

2021 ജനുവരിയിൽ മന്ത്രിസഭ രാജിവച്ച് മാർച്ച് രണ്ടിനാണ് ശൈഖ് സബാഹ് ഖാലിദ് അസ്സബാഹിന്‍റെ   നേതൃത്വത്തിൽ മന്ത്രിസഭ വീണ്ടും അധികാരമേറ്റത്. മന്ത്രിമാർക്കെതിരായ കുറ്റവിചാരണ പരമ്പരയെ തുടർന്നായിരുന്നു  രാജി. അതിന് ശേഷവും പാർലമെന്‍റുമായുള്ള ബന്ധം നല്ല നിലയിലായിരുന്നില്ല. നിരന്തരം കുറ്റവിചാരണ നോട്ടീസ് സമർപ്പിക്കപ്പെട്ടു. സർക്കാർ ബഹിഷ്കരണത്തെ തുടർന്ന് പാർലമെന്‍റ് യോഗം അഞ്ച് തവണ മുടങ്ങി. തുടർന്നാണ് ഇരു വിഭാഗങ്ങൾക്കുമിടയിൽ സമവായമുണ്ടാക്കുന്നതിനായി അമീറിന്‍റെ നിർദേശപ്രകാരം നാഷനൽ ഡയലോഗ് ആരംഭിച്ചത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News