നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ കര്‍ശനമാക്കി കുവൈത്ത്

സുരക്ഷാ പരിശോധനയില്‍ പിടികൂടുന്നവരെ നാടുകടത്താനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Update: 2023-08-28 18:08 GMT
Editor : anjala | By : Web Desk

കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ കര്‍ശനമായി തുടരുന്നു. സുരക്ഷാ പരിശോധനയില്‍ പിടികൂടുന്നവരെ നാടുകടത്താനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. താമസ നിയമങ്ങൾ ലംഘിച്ചതിന് പിടികൂടുന്ന പ്രവാസികളെ, ഉപയോഗിക്കാത്ത രണ്ട് സ്‌കൂളുകളിൽ പാർപ്പിക്കാൻ തീരുമാനമായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാടു കടത്തുന്നതുവരെയാണ് ഇത്തരത്തിൽ പാർപ്പിക്കുക.

ജലീബ് അൽ ഷുയൂഖിലെയും, ഖൈത്താനിലെയും ഉപയോഗിക്കാത്ത രണ്ട് സ്കൂളുകൾ ഇതിനായി ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകള്‍. പൊലീസ് സെല്ലുകളുടെയും,നാടുകടത്തൽ കേന്ദ്രങ്ങളുടെയും ഭാരം ലഘൂകരിക്കൽ ലക്ഷ്യമിട്ടാണ് സ്കൂളുകളെ ഇത്തരം കേന്ദ്രമാക്കിമാറ്റുന്നത്. ഇതിനായി സ്കൂളുകളില്‍ പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. സ്കൂളുകൾ വിദ്യാഭ്യാസ മന്ത്രാലയം ഉടൻ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും.അതിനിടെ ജലീബ് അൽ ഷുയൂഖ്, ഖൈത്താൻ, ഫർവാനിയ, മഹ്‌ബൂല, അംഘാറ തുടങ്ങിയ പ്രദേശങ്ങളിൽ സുരക്ഷാ പട്രോളിംഗ് വർധിപ്പിക്കുമെന്നാണ് സൂചനകള്‍.

കുവൈത്തില്‍ ഏകദേശം ഒരു ലക്ഷത്തിലേറെ അനധികൃത താമസക്കാര്‍ ഉണ്ടെന്നാണ് കണക്കുകള്‍. ആഭ്യന്തര മന്ത്രി ശൈഖ് തലാല്‍ ഇത് സംബന്ധമായ സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കാൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമലംഘകരെ സഹായിക്കുന്ന പ്രവാസികളേയും നാടുകടത്തും. നിയമലംഘനങ്ങൾക്ക് പ്രേരിപ്പിക്കുന്ന സ്ഥാപനങ്ങളും നിയമ നടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതര്‍ പറഞ്ഞു.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News