നഗരാസൂത്രണത്തിൽ പുതിയ ചുവടുവെപ്പ്; കുവൈത്തിലെ 591 തെരുവുകൾക്ക് പേരിന് പകരം ഇനി നമ്പറുകൾ
മൂന്ന് തെരുവുകൾക്ക് അറബ് നഗരങ്ങളുടെയോ തലസ്ഥാനങ്ങളുടെയോ പേരുകൾ നൽകാനും തീരുമാനം
കുവൈത്ത് സിറ്റി: കുവൈത്തിന്റെ നഗരാസൂത്രണ രംഗത്ത് നിർണായകമായ മാറ്റങ്ങൾക്ക് തുടക്കമിട്ട്, രാജ്യത്തെ 591 തെരുവുകൾക്ക് ഇനി നമ്പറുകൾ പേരായി നൽകും. 2025 മെയ് 20ന് പുറത്തിറക്കിയ മന്ത്രിസഭാ പ്രമേയത്തെ തുടർന്നാണ് ഈ സുപ്രധാന തീരുമാനം. ജൂൺ 23ന് മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ മനാൽ അൽ-അസ്ഫൂറിന്റെ അധ്യക്ഷതയിൽ ചേർന്ന സ്ട്രീറ്റ് നെയിമിംഗ് കമ്മിറ്റി യോഗം ഇതിന് അംഗീകാരം നൽകി.
നമ്പറുകൾക്ക് പുറമെ, മൂന്ന് തെരുവുകൾക്ക് അറബ് നഗരങ്ങളുടെയോ തലസ്ഥാനങ്ങളുടെയോ പേരുകൾ നൽകാനും യോഗം തീരുമാനിച്ചിട്ടുണ്ട്. റോഡുകൾക്കും തെരുവുകൾക്കും പൊതുസ്ഥലങ്ങൾക്കും വ്യക്തികളുടെ പേരുകൾ ഉപയോഗിക്കുന്നത് കുറയ്ക്കാനുള്ള മന്ത്രിസഭയുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ നീക്കം.
പുതിയ നാമകരണ നയം ഇങ്ങനെ:
നമ്പർ മുഖ്യം: തെരുവുകൾക്ക് നമ്പർ ആയിരിക്കും പുതിയ സ്ഥിരം പേര്.
നിലവിലുള്ളവ: വ്യക്തികളുമായി ബന്ധമില്ലാത്ത ചില നിലവിലുള്ള പേരുകൾക്ക് തുടരാൻ അനുമതിയുണ്ടാകും.
പ്രത്യേക സാഹചര്യങ്ങൾ: കുവൈത്ത് ഭരണാധികാരികൾ, വിദേശ നേതാക്കൾ, ചരിത്രപരമായ വ്യക്തിത്വങ്ങൾ, സൗഹൃദ രാജ്യങ്ങൾ, അല്ലെങ്കിൽ നഗരങ്ങൾ എന്നിവയുടെ പേരുകൾ റോഡുകൾക്ക് നൽകാൻ കഴിയും. എന്നാൽ, ഇത് കർശനമായ വ്യവസ്ഥകൾക്കും പരസ്പര ധാരണയ്ക്കും വിധേയമായിരിക്കും.
ഈ പുതിയ നിയമങ്ങൾ ഉടൻ നടപ്പിലാക്കാനും പുതുക്കിയ റോഡ് പേരുകളുടെ പട്ടിക അംഗീകാരത്തിനായി സമർപ്പിക്കാനും മുനിസിപ്പാലിറ്റിക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.