പ്രതിസന്ധികളെ അതീജിവിച്ച വർഷം; പുത്തൻ പ്രതീക്ഷകളോടെ കുവൈത്ത്
രണ്ടു പതിറ്റാണ്ടിനിടെ 10 പൊതുതെരഞ്ഞെടുപ്പുകൾ നേരിടേണ്ടി വന്നെങ്കിലും ജനാധിപത്യ വഴിയിൽ ഉറച്ചു നിൽക്കുകയാണ് കുവൈത്ത്
എല്ലാ പ്രതിസന്ധികളേയും അതീജിവിച്ച് കുവൈത്ത് മുന്നേറിയ വർഷമാണ് 2022. പാര്‍ലിമെന്റ് തിരഞ്ഞടുപ്പും പുതിയ സര്‍ക്കാർ രൂപീകരണവും ആയിരുന്നു ഈ വർഷത്തെ പ്രധാന സംഭവം. രണ്ടു പതിറ്റാണ്ടിനിടെ 10 പൊതുതെരഞ്ഞെടുപ്പുകൾ നേരിടേണ്ടി വന്നെങ്കിലും ജനാധിപത്യ വഴിയിൽ ഉറച്ചു നിൽക്കുകയാണ് കുവൈത്ത്. രാഷ്ട്രീയ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇത്തവണയും കുറവുണ്ടായില്ല. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ്അ ൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ നിലവിൽ വന്നു. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയ മന്ത്രിസഭ. വനിതകള്‍ക്കും മതിയായ പ്രതിനിധ്യം. കഴിഞ്ഞ മന്ത്രിസഭയിലെ
പ്രമുഖരിൽ പലർക്കും സ്ഥാനം നഷ്ടമായി. 88 കാരനായ അഹമ്മദ് അൽ സഅദൂൻ ആണ് പുതിയ പാർലിമെന്റ് സ്പീക്കർ. തുടർച്ചയായി 10 തവണ പാര്‍ലിമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട അൽ സഅദൂൻ മുന്നാം തവണയാണ് സ്പീക്കറാകുന്നത്. കുവൈത്തിന് ഷെങ്കൻ വിസ ഒഴിവാക്കൽ സംബന്ധിച്ച യൂറോപ്യൻ പാർലമെന്റിന്‍റെ എതിർപ്പ് വലിയ വാർത്തയായി.
നിർദേശം തിരികെ അയച്ചിരിക്കുകയാണ് ഇ യു നേതൃത്വം. കുവൈത്തിൽ കൂട്ട വധശിക്ഷ നടപ്പിലാക്കിയതാണ് പുറംലോകത്തെ ചൊടിപ്പിച്ചത്. ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെൽ വേണ്ടന്ന് കുവൈത് തീർത്തു പറഞ്ഞു. ഉപയോഗിക്കാത്ത അവധി ദിവസങ്ങൾ പണമായി മാറ്റാൻ സർക്കാർ ജീവനക്കാർക്ക് അനുമതി നൽകിയതും 2022 നെ വേറിട്ടതാക്കി.
സര്‍വീസില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കുവൈത്ത് വേദിയായ ഏഷ്യൻ കൗമാര കായികമേളയിൽ ആറ് സ്വർണം, 11 വെള്ളി, എഴ് വെങ്കലം നേടി ഇന്ത്യ ഒന്നാമതെത്തി. മിന്നുംനേട്ടം ഇന്ത്യൻ പ്രവാസികളുടെയും അഭിമാനമായി ഫാമിലി വിസിറ്റ് വീസ അനുവദിക്കുന്നത് അനിശ്ചിമായി നിര്‍ത്തിവെച്ചത് മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് തിരിച്ചടിയായി.
ആരോഗ്യമേഖലയില്‍ കുവൈത്തിന് ഇത് നേട്ടങ്ങളുടെ വർഷം. കോവിഡ് പ്രതിരോധത്തിൽ മികച്ച വിജയം. വേൾഡ് അലർജി ഓർഗനൈസേഷൻ മികച്ച കേന്ദ്രമായി തിരഞ്ഞെടുത്തത് അബ്ദുൽ അസീസ് അൽ റഷീദ് അലർജി സെന്ററിനെ. വേൾഡ് മെഡിക്കൽ അസോസിയേഷന്‍റെ അദ്ധ്യക്ഷ പദവിയും കുവൈത്തിനെ തേടിയെത്തി. ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ അറുപതാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. കലാപരിപാടികളും സെമിനാറുകളും അരങ്ങേറി. പ്രമുഖ ഗോള നിരീക്ഷകനും കാലാവസ്ഥ പ്രവചകനുമായ ഡോ. സാലിഹ് അൽ ഉജൈരിയുടെ വിയോഗം കുവൈത്തിന് വലിയ നഷ്ടമായി.