വൈദ്യുതി ക്ഷാമം പരിഹരിക്കാൻ കുവൈത്ത്

കനത്ത ചൂടും പവർ സ്റ്റേഷൻ തകരാറിലായതുമാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം

Update: 2024-06-20 14:13 GMT

കുവൈത്ത് സിറ്റി: വൈദ്യുതി ക്ഷാമം പരിഹരിക്കൻ ശക്തമായ നടപടികളുമായി കുവൈത്ത് വൈദ്യുതി മന്ത്രാലയം. കനത്ത ചൂടും പവർ സ്റ്റേഷൻ തകരാറിലായതുമാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ ദിവസം രാജ്യത്തെ 40ലധികം സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങിയിരുന്നു. വർദ്ധിച്ച വൈദ്യുതി ഉപഭോഗവും ഉയർന്ന താപനിലയും നിലവിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില 52 ഡിഗ്രി സെൽഷ്യസായി ഉയർന്നിട്ടുണ്ട്. നിലവിൽ ഗൾഫ് ശൃംഖലയിൽ നിന്ന് ലഭിക്കുന്ന 400 മെഗാവാട്ട് ഊർജം രാജ്യത്തിന്റെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ല. അടുത്ത ദിവസങ്ങളിൽ താപനില വീണ്ടും ഉയരുന്നതോടെ പവർ ഇൻഡക്‌സ് ലോഡ് ഉയരുമെന്നാണ് ആശങ്ക. 300 മെഗാവാട്ട് ശേഷിയുള്ള അൽ സൂർ സൗത്ത് സ്റ്റേഷനിലെ വൈദ്യുതി ഉത്പാദന യൂണിറ്റ് തകരാറിലായതാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്ന് അധികൃതർ അറിയിച്ചു.

Advertising
Advertising

പ്രതിസന്ധി കുറയ്ക്കാൻ മുൻ കരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് പവർകട്ടും ഏർപ്പെടുത്തി. മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഓരോ പ്രദേശത്തെയും സമയം ഒരു മണിക്കൂർ മുമ്പ് പ്രഖ്യാപിച്ചാണ് പവർകട്ട് ഏർപ്പെടുത്തിയത്. പരമാവധി രണ്ട് മണിക്കൂർ വരെ നീണ്ടുനിൽക്കുന്നതായിരുന്നു പവർകട്ടുകൾ. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് രാജ്യത്തെ ട്രാഫിക് സിഗ്‌നൽ ലൈറ്റുകളും ഇന്നലെ പണിമുടക്കിയിരുന്നു. രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചു വരെയുള്ള തിരക്കേറിയ സമയങ്ങളിൽ വൈദ്യുതി ഉപഭോഗം കുറക്കാൻ വൈദ്യുതി മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. രാജ്യത്ത് തുടർച്ചയായ വൈദ്യുതി വിതരണം ഉറപ്പാക്കാൻ ഇത്തരം നടപടികൾ ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News