Writer - razinabdulazeez
razinab@321
കുവൈത്ത് സിറ്റി: 2025-ലെ ഏറ്റവും ശക്തരായ വനിതാ ബിസിനസ്സ് നേതാക്കളുടെ പട്ടിക പുറത്തിറക്കി ഫോർബ്‌സ് മിഡിൽ ഈസ്റ്റ്.
വിവിധ വ്യവസായങ്ങളിൽ സ്വാധീനം ചെലുത്തുന്ന വനിതകളെ റാങ്ക് ചെയ്യുന്ന പട്ടികയിൽ കുവൈത്തിൽ നിന്നുള്ള ആറ് പ്രമുഖ വനിതകളാണ് ഇടം നേടിയത്. ഫസ്റ്റ് അബൂദബി ബാങ്കിന്റെ ഗ്രൂപ്പ് സിഇഒ ഹനാ അൽ റൊസ്തമാനിയാണ് തുടർച്ചയായ മൂന്നാം വർഷവും പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. കുവൈത്തിലെ എൻബികെ ഗ്രൂപ്പിന്റെ ശൈഖ ഖാലിദ് അൽ ബഹർ രണ്ടാം സ്ഥാനവും, പ്യുർ ഹെൽത്ത് ഹോൾഡിംഗിന്റെ സഹസ്ഥാപകയും ഗ്രൂപ്പ് സിഇഒയുമായ ഷൈസ്ത ആസിഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ശൈഖ ഖാലിദ് അൽ ബഹറിനെ കൂടാതെ, കുവൈത്തിൽ നിന്നുള്ള മറ്റ് അഞ്ച് വനിതകൾ കൂടി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ സിഇഒ വാദ അഹമ്മദ് അൽ ഖത്തീബ് നാലാം സ്ഥാനത്തും, കുവൈത്ത് പ്രോജക്ട്‌സ് കമ്പനി ഗ്രൂപ്പ് സിഇഒ ദാന നാസർ അസ്സബാഹ് അഞ്ചാം സ്ഥാനത്തുമുണ്ട്.
പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനിയുടെ സിഇഒ നാദിയ ബാദർ അൽ-ഹാജി പതിനേഴാം സ്ഥാനവും, അജിലിറ്റിയുടെ ചെയർപേഴ്‌സൺ ഹെനാദി അൽ-സാലിഹ് ഇരുപത്തി രണ്ടാം സ്ഥാനവും, കെ.ഇ.ഒ ഇന്റർനാഷണൽ കൺസൾട്ടന്റ്സിന്റെ പ്രസിഡന്റും സിഇഒയുമായ ഡോണ സുൽത്താൻ അന്‍പത്തി എട്ടാം സ്ഥാനവും നേടി കുവൈത്തില്‍ നിന്നും ഇടം പിടിച്ചു. കുവൈത്തിൽ താമസിക്കുന്ന ഈജിപ്ഷ്യൻ പൗരയായ കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈത്തിന്റെ സി.ഇ.ഒ എൽഹാം മഹ്ഫൂസും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യൻ വംശജരായ കാമി വിശ്വനാഥൻ,സിമ ഗൻവാനി വേദ്, പൂനം ഭോജാനി എന്നിവരും മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തരായ വനിതാ ബിസിനസ്സ് നേതാക്കളുടെ പട്ടികയിൽ ഇടം നേടി.