കുവൈത്തിലെ ആദ്യത്തെ മൊബൈൽ ഭക്ഷ്യ പരിശോധനാ ലാബ് വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ചു

Update: 2025-02-03 12:32 GMT
Editor : Thameem CP | By : Web Desk

കുവൈത്ത് സിറ്റി: ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വ്യാപാരം സുഗമമാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായി, കുവൈത്തിലെ ആദ്യത്തെ മൊബൈൽ ഭക്ഷ്യ പരിശോധനാ ലാബ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ചു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ (PAFN) നേതൃത്വത്തിലാണ് ഈ പുതിയ സംരംഭം. വിമാനത്താവളത്തിൽ വെച്ച് തന്നെ ഭക്ഷ്യവസ്തുക്കൾ, പ്രത്യേകിച്ച് പെട്ടെന്ന് കേടാകുന്നവയുടെ പരിശോധന നടത്താൻ ലാബ് ലക്ഷ്യമിടുന്നതായി ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനും അതോറിറ്റി ഡയറക്ടർ ജനറലുമായ ഡോ. റീം അൽ-ഫുലൈജ് പറഞ്ഞു. ഇനി മുതൽ ഷുവൈഖിലെ പ്രധാന ലാബിലേക്ക് സാധനങ്ങൾ കൊണ്ടുപോയി പരിശോധിക്കേണ്ട ആവശ്യമില്ല. ഇത് പരിശോധന വേഗത്തിലാക്കുകയും കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുമെന്ന് അവർ വ്യക്തമാക്കി.

Advertising
Advertising

ഭക്ഷണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാണ് മൊബൈൽ ലാബ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആവശ്യമനുസരിച്ച് മറ്റ് കേന്ദ്രങ്ങളിലേക്കും ഇത് മാറ്റാനാകും. ഈ സൗകര്യം പ്രവർത്തന ചെലവ് കുറയ്ക്കുകയും ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുകയും ചെയ്യും. കീടനാശിനി അവശിഷ്ടങ്ങൾ, ഹാനികരമായ സൂക്ഷ്മാണുക്കൾ തുടങ്ങിയവ കണ്ടെത്താനുള്ള രാസ വിശകലനങ്ങൾ നടത്താൻ കഴിയുന്ന അത്യാധുനിക പരിശോധനാ ഉപകരണങ്ങൾ ലാബിൽ ഉണ്ട്.

കൃത്യസമയത്ത് ഫലം ഉറപ്പാക്കാൻ ഒരു സാങ്കേതിക സംഘം 24 മണിക്കൂറും ലാബിൽ പ്രവർത്തിക്കും. ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്മെന്റിൽ ഷിപ്പ്മെന്റുകൾ എത്തുമ്പോൾ, ലാബ് ജീവനക്കാർ ഉടൻ തന്നെ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കും. ഇറക്കുമതിക്കാർക്ക് Raqib പ്ലാറ്റ്ഫോം വഴി സാമ്പിൾ പരിശോധനയുടെ പുരോഗതി ട്രാക്ക് ചെയ്യാനും അപ്ഡേറ്റുകൾ സ്വീകരിക്കാനും കഴിയും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News