കുവൈത്തിൽ ഷെയ്ഖ് ജാബർ കോസ്‌വേയോടനുബന്ധിച്ച് കൃത്രിമ ദ്വീപ്: ജോലി പുരോഗമിക്കുന്നു
സാജി ദ്വീപിനെ അൽ ബന്ദേര,അൽ സഫർ, മറീന, സർവീസ് ഏരിയ എന്നിങ്ങനെ നാല് മേഖലകളായി തരംതിരിക്കും
കുവൈത്ത് സിറ്റി: കുവൈത്തിലെ ഷെയ്ഖ് ജാബർ കോസ്‌വേയോട് അനുബന്ധിച്ച് നിര്‍മ്മിക്കുന്ന കൃത്രിമ ദ്വീപുകളുടെ ജോലി പുരോഗമിക്കുന്നു. പൊതു സ്വകാര്യ മേഖലകളിൽ നിന്ന് പങ്കാളികളെ ക്ഷണിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഗള്‍ഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ കടല്‍ പാലങ്ങളില്‍ ഒന്നായ ജാബർ കോസ്‌വേയുടെ തെക്ക് ഭാഗത്തായി നിര്‍മ്മിക്കുന്ന കൃത്രിമ ദ്വീപില്‍ 400-ലധികം തദ്ദേശ നിക്ഷേപ പദ്ധതികള്‍ നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇടത്തരം സംരംഭ വികസനത്തിനുള്ള ദേശീയ ഫണ്ടിന്റെ ആക്ടിംഗ് ഡയറക്ടർ ജനറൽ ആദില്‍ അൽ ഹസാവി പറഞ്ഞു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ സബാഹും ഉന്നത ഉദ്യോഗസ്ഥരും സാജി ദ്വീപില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാന്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു .
സാജി ദ്വീപിനെ അൽ ബന്ദേര,അൽ സഫർ, മറീന, സർവീസ് ഏരിയ എന്നിങ്ങനെ നാല് മേഖലകളായി തരംതിരിക്കും. പദ്ധതികൾ നടപ്പാക്കാനും നിരീക്ഷിക്കാനും പുരോഗതി വിലയിരുത്താനും പ്രത്യേക സമിതികൾ ഉണ്ടാകും. പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായുള്ള രജിസ്ട്രേഷൻ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അൽ ഹസാവി പറഞ്ഞു. നിക്ഷേപത്തിന് പൊതു-സ്വകാര്യ മേഖലകളിൽനിന്ന് പങ്കാളികളെ ക്ഷണിക്കും. സ്വദേശികൾക്കും വിദേശികൾക്കും വിനോദത്തിനുൾപ്പെടെ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.