കുവൈത്തില്‍ സിവിൽ ഐഡി ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നു: വിസ അവസാനിച്ചാല്‍ ബാങ്ക് ഇടപാടുകള്‍ മരവിപ്പിക്കും
സിവിൽ ഐഡി കാലാവധി അവസാനിച്ച പ്രവാസികളുടെ ബാങ്ക് ഇടപാടുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ഒരുങ്ങി കുവൈത്തിലെ ബാങ്കുകള്‍.
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ സിവിൽ ഐഡി ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നു. റസിഡൻസ് പെർമിറ്റ് കാലാവധി അവസാനിക്കുന്ന മുറയ്ക്ക് പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുവാന്‍ ഒരുങ്ങുകയാണ് ബാങ്ക് അധികൃതര്‍.
സിവിൽ ഐഡി കാലാവധി അവസാനിച്ച പ്രവാസികളുടെ ബാങ്ക് ഇടപാടുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ഒരുങ്ങി കുവൈത്തിലെ ബാങ്കുകള്‍. താമസ രേഖ അവസാനിക്കുന്ന പ്രവാസികളുടെ അക്കൗണ്ടുകളാണ് താല്‍ക്കാലികമായി മരിവിപ്പിക്കുക. വിസ കാലാവധി അവസാനിക്കുന്നതോടെ ഉപഭോക്താവ് അനധികൃത താമസക്കാരനായി മാറുന്ന സാഹചര്യത്തിലാണ് ബാങ്കുകൾ ഈ നടപടി സ്വീകരിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അൽ-റായ് റിപ്പോര്‍ട്ട് ചെയ്തു.
റസിഡൻസി പുതുക്കുന്നത് വരെയായിരിക്കും അക്കൗണ്ട് മരവിപ്പിക്കുക. ഇതോടെ ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാനോ ക്രെഡിറ്റ് , ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുവാണോ കഴിയില്ല. അക്കൗണ്ട് ഫ്രീസിംഗ് പ്രക്രിയ ഓരോ ബാങ്കിനും വ്യത്യസ്തമാണ്. വിസ പുതുക്കുന്നത് വരെ പരിമിതമായ രീതിയില്‍ പണം പിന്‍വലിക്കാന്‍ ചില ബാങ്കുകള്‍ അനുവദിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിസ പുതുക്കുവാന്‍ കഴിയാത്ത ഉപഭോക്താവിന് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് അക്കൗണ്ട് ക്ലോസ് ചെയ്ത് തുക പിൻവലിക്കാം.