കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് ലക്ഷക്കണക്കിന്‌ ദിനാറിന്‍റെ മയക്കുമരുന്ന്

ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്

Update: 2023-05-14 16:22 GMT

കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ തോതിലുള്ള മയക്കുമരുന്ന് ശേഖരം അധികൃതര്‍ പിടികൂടി. ലക്ഷക്കണക്കിന് കാപ്റ്റഗണ്‍ ഗുളികകള്‍ ഉള്‍പ്പടെ വന്‍തോതില്‍ മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമമാണ്, ഡ്രഗ് കൺട്രോളും , കോസ്റ്റ് ഗാർഡും, കസ്റ്റംസ് അധികൃതരും ചേര്‍ന്ന് പരാജയപ്പെടുത്തിയത്. 152 കിലോഗ്രാം മയക്കുമരുന്ന്, ഒരു ദശലക്ഷം ലിറിക്ക ഗുളികകള്‍ , ഒന്നര ലക്ഷം ക്യാപ്റ്റഗൺ ഗുളികകള്‍ , എട്ട് കിലോഗ്രാം കഞ്ചാവ്, അഞ്ച് ലൈസൻസില്ലാത്ത തോക്കുകൾ, വെടിമരുന്ന് എന്നിവയാണ് പ്രതികളില്‍ നിന്ന് പിടികൂടിയത്.

ലഹരിവസ്തുക്കളുടെ വില്‍പനയും കടത്തും തടയാൻ കുവൈത്ത് ശക്തമായ പരിശ്രമങ്ങള്‍ നടത്തിവരികയാണ്. മയക്കുമരുന്ന് വില്‍പനക്കാര്‍ക്കെതിരെയും കടത്തുകാര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്നും രാജ്യം ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രതയിലാണെന്നും ആഭ്യന്തര മന്ത്രി ശൈഖ് തലാല്‍ ഖാലിദ് വ്യക്തമാക്കി. റെയ്ഡില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്, ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഹമദ് അൽ ദവാസ്, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കബസാർഡ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News