കുവൈത്തിൽ പ്രവാസികൾക്കായി ഇതുവരെ നൽകിയത് 21,900ലധികം എക്‌സിറ്റ് പെർമിറ്റുകൾ
ജൂലൈ ആകുമ്പോഴേക്കും ഈ എണ്ണം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ മേഖലയിൽ പ്രവാസി തൊഴിലാളികൾക്ക് രാജ്യം വിട്ടുപോകാൻ തൊഴിലുടമയുടെ അനുമതി നിർബന്ധമാക്കിയ പുതിയ നിയമം ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരികയാണ്. എന്നാൽ ഇതിനു മുമ്പുതന്നെ 21,900ലധികം എക്‌സിറ്റ് പെർമിറ്റുകൾ വിതരണം ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വൃത്തങ്ങൾ അറിയിച്ചു. ജൂലൈ ആകുമ്പോഴേക്കും ഈ എണ്ണം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ നിയമം അനുസരിച്ച്, വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് പ്രവാസി തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുമതി ആവശ്യമാണ്. ഈ അനുമതി കമ്പനിയുടെ ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്തണം. തൊഴിലാളികൾക്ക് 'അഷാൽ - കമ്പനീസ്' ലേബർ പോർട്ടൽ വഴിയോ സർക്കാർ മൊബൈൽ ആപ്ലിക്കേഷനായ 'സഹ്ൽ' വഴിയോ പെർമിറ്റിനായി അപേക്ഷിക്കാം.
അടിയന്തര സാഹചര്യങ്ങളിലുൾപ്പെടെ യാത്രാനുമതി ലഭിക്കുന്നതിനുള്ള വേഗത തൊഴിലുടമയുടെ അംഗീകാരത്തെ ആശ്രയിച്ചിരിക്കും. അതിനാൽ, യാത്ര പുറപ്പെടുന്നതിന് മുൻകൂട്ടി അപേക്ഷകൾ സമർപ്പിക്കാനും അടിയന്തര ഘട്ടങ്ങളിൽ തൊഴിലുടമകളുമായി നേരിട്ട് ബന്ധപ്പെടാനും അധികൃതർ നിർദ്ദേശിക്കുന്നു. അനുമതി ലഭിച്ചുകഴിഞ്ഞാൽ, എക്‌സിറ്റ് പെർമിറ്റ് പ്രിന്റ് ചെയ്‌തെടുക്കുകയോ 'സഹൽ' ആപ്പ് വഴി ഡിജിറ്റലായി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർക്ക് സമർപ്പിക്കുകയോ ചെയ്യാം.
തൊഴിലുടമ ന്യായമായ കാരണമില്ലാതെ എക്‌സിറ്റ് പെർമിറ്റ് നിഷേധിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്താൽ, തൊഴിലാളികൾക്ക് കമ്പനിയുടെ ഫയലുമായി ബന്ധപ്പെട്ട ലേബർ റിലേഷൻ യൂണിറ്റിൽ പരാതി നൽകാൻ അവകാശമുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. അത്തരം സാഹചര്യങ്ങളിൽ നിയമപരമായ നടപടികൾ സ്വീകരിക്കും. കൂടാതെ, എക്‌സിറ്റ് പെർമിറ്റുകൾക്ക് എണ്ണത്തിൽ യാതൊരു പരിധിയുമില്ല. ഓരോ അപേക്ഷയ്ക്കും തൊഴിലുടമയുടെ അനുമതി ലഭിക്കുന്നിടത്തോളം കാലം എത്ര പെർമിറ്റുകളും നേടാവുന്നതാണ്.