കുവൈത്തിൽ റോഡുകൾ സുരക്ഷിതമാകുന്നു; അപകടങ്ങളിലും മരണങ്ങളിലും വലിയ കുറവ്

ഈ വർഷം ആദ്യ പകുതിയിൽ വാഹനാപകടങ്ങൾ 45% കുറഞ്ഞു

Update: 2025-08-12 12:52 GMT
Editor : Thameem CP | By : Web Desk

കുവൈത്ത് സിറ്റി: ഈ വർഷം ആദ്യ പകുതിയിൽ ഗതാഗത നിയമലംഘനങ്ങളും അപകടങ്ങളും മരണങ്ങളും ഗണ്യമായി കുറഞ്ഞതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ട്രാഫിക് നിയമലംഘനങ്ങളിൽ 16 ശതമാനം കുറവുണ്ടായതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2024ൽ 1,968,733 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയ സ്ഥാനത്ത് ഈ വർഷം ഇത് 1,659,448 ആയി കുറഞ്ഞു.

വാഹനാപകടങ്ങളിൽ 45 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 2024ൽ 2,511 അപകടങ്ങൾ നടന്നപ്പോൾ 2025ൽ ഇത് 1,383 ആയി കുറഞ്ഞു. അപകട മരണങ്ങളിലും കാര്യമായ കുറവുണ്ടായി. കഴിഞ്ഞ വർഷം 143 പേർക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ ഈ വർഷം 94 പേരാണ് മരിച്ചത്, ഇത് 34 ശതമാനം കുറവാണ്.

ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയ കർശനമായ ട്രാഫിക് നിയന്ത്രണ നടപടികൾ, നൂതന നിരീക്ഷണ സംവിധാനങ്ങൾ, കൂടാതെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ തുടർച്ചയായ ബോധവൽക്കരണ കാമ്പയ്നുകൾ എന്നിവയാണ് ഈ മെച്ചപ്പെടുത്തലുകൾക്ക് കാരണമെന്ന് അധികൃതർ അറിയിച്ചു. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News