കുവൈത്തിൽ വേനൽച്ചൂടിന് ശമനമാകുന്നു; ഒക്ടോബർ 14 വരെ സുഹൈൽ സീസൺ
സെപ്റ്റംബർ നാല് മുതൽ സുഹൈൽ നക്ഷത്രം കാണാം
Update: 2025-08-21 13:15 GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ വേനൽച്ചൂടിന് ശമനവുമായി സുഹൈൽ നക്ഷത്രം എത്തുന്നു. ഒക്ടോബർ 14 വരെ 52 ദിവസത്തേക്ക് സുഹൈൽ സീസൺ തുടരുമെന്ന് അൽഅജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.
കുലൈബിൻ സീസൺ അവസാനിക്കുന്നതിനൊപ്പം രാത്രികൾ ദൈർഘ്യമാകലും ഉയർന്ന ഈർപ്പവും ഇടയ്ക്കുള്ള മഴയും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
തെക്കുകിഴക്കൻ കാറ്റ് ചൂട് കുറയ്ക്കും. നീളമുള്ള നിഴലുകളും ഇലപൊഴിയുന്ന സസ്യങ്ങളും സീസണിന്റെ പ്രത്യേകതകളായിരിക്കും. പകൽ കുറയുകയും രാത്രികൾ നീളുകയും ചെയ്യുന്ന സാഹചര്യത്തിൽ സെപ്റ്റംബർ നാല് മുതൽ കുവൈത്ത് ആകാശത്ത് സുഹൈൽ നക്ഷത്രം കാണാമെന്നും കേന്ദ്രം അറിയിച്ചു.