സിറിയൻ പ്രസിഡന്റിന് കുവൈത്തിൽ സ്വീകരണം; അമീറുമായി കൂടിക്കാഴ്ച നടത്തി
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക സഹകരണത്തിനും ചർച്ചയിൽ ഊന്നൽ
കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽഷാറയുമായി കുവൈത്ത് അമീർ ശൈഖ് മിഷ്അൽ അൽഅഹമ്മദ് അൽജാബർ അസ്സബാഹ് ഞായറാഴ്ച കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ സഹകരണം ഉറപ്പാക്കുന്നതിനും ചർച്ചകളിൽ ഊന്നൽ നൽകി.
കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് അൽഖാലിദ് അൽഹമദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അൽഅബ്ദുള്ള അൽഅഹമ്മദ് അസ്സബാഹ് എന്നിവരും ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും ചർച്ചകളിൽ പങ്കെടുത്തു. കുവൈത്തിലെത്തിയ അൽഷാറയെയും സംഘത്തെയും ഹോണററി ഡെലിഗേഷൻ തലവൻ കൂടിയായ വിദേശകാര്യ മന്ത്രി അബ്ദുള്ള അൽയഹ്യ വിമാനത്താവളത്തിൽ സ്വീകരിച്ചു. സിറിയൻ വിദേശകാര്യ മന്ത്രി അസാദ് അൽ ഷൈബാനിയും മുതിർന്ന ഉദ്യോഗസ്ഥരും സിറിയൻ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.
കുവൈത്തിന്റെയും സിറിയയുടെയും പരസ്പര താൽപ്പര്യങ്ങൾ കൈവരിക്കുന്നതിനായി എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലാണ് ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുള്ള അൽമുബാറക് അസ്സബാഹ് പ്രസ്താവനയിൽ അറിയിച്ചു. സിറിയയുടെ സ്ഥിരതയും ഐക്യവും നിലനിർത്തുന്നത് സംബന്ധിച്ചുള്ളവ ഉൾപ്പെടെയുള്ള പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപന ശ്രമങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. പൊതുവായ താൽപ്പര്യ വിഷയങ്ങളും പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളും ചർച്ച ചെയ്തതായും മന്ത്രി കൂട്ടിച്ചേർത്തു.
ചർച്ചകൾക്ക് ശേഷം ബയാൻ കൊട്ടാരത്തിൽ വെച്ച് അൽ ഷാറയ്ക്കും സംഘത്തിനും അമീർ ഉച്ചവിരുന്ന് നൽകി. കുവൈത്തിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ്, അൽഷറ ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽയൂസഫ് സൗദ് അസ്സബാഹുമായി ബയാൻ കൊട്ടാരത്തിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിൽ അൽയഹ്യയും സന്നിഹിതനായിരുന്നു.
.