ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സ് പ്രസിദ്ധീകരിച്ച പുസ്തകം പ്രകാശനം ചെയ്തു

Update: 2022-08-23 08:32 GMT

ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സ് പ്രസിദ്ധീകരിച്ച ഇന്ത്യൻ ഡിപ്ലോമസി ആൻഡ് കോവിഡ് 19 റെസ്‌പോൺസ് എന്ന പുസ്തകം കുവൈത്തിൽ പ്രകാശനം ചെയ്തു. 'ആസാദികാ അമൃത്മഹോത്സവ്' ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസ്സിയാണ് പുസ്തകപ്രകാശനം സംഘടിപ്പിച്ചത്.

എംബസ്സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. വെല്ലുവിളികൾ നേരിടേണ്ടി വരുമ്പോൾ പരസ്പരം ഉപാധികളില്ലാതെ സഹായിക്കാൻ സാധിക്കുമെന്നതിന്റെ മികച്ച ഉദാഹരണമാണ് കോവിഡ് കാലത്തെ ഇന്ത്യ-കുവൈത്ത് സഹകരണമെന്ന് അംബാസഡർ പറഞ്ഞു.

കോവിഡ്കാല പ്രവർത്തനങ്ങളിൽ കുവൈത്തിലെ ഇന്ത്യൻ സമൂഹം കാണിച്ച ഐക്യത്തിനും കരുതലിനും അംബാസഡർ നന്ദി പറഞ്ഞു. കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് അടച്ചിടപ്പെട്ടവർക്ക് ഭക്ഷ്യ വസ്തുക്കൾ എത്തിക്കുന്നതിലും, ഇന്ത്യയിലേക്ക് ഓക്‌സിജൻ അയക്കുന്ന ദൗത്യം വിജയിപ്പിക്കുന്നതിലും പ്രധാന പങ്കു വഹിച്ച ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിനുള്ള ഉപഹാരം അംബാസഡർ കൈമാറി. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, ഇന്ത്യൻ ബിസിനസ്സ് പ്രൊമോഷൻ കൗൺസിൽ, ഐ.ഐ.ടി. എ.ഐ.എം അലുംനി അസോസിയേഷൻ, അറബ് ടെക്ക്, എൻ.ബി.ടി.സി എന്നിവയുടെ പ്രതിനിധികളെയും ചടങ്ങിൽ ആദരിച്ചു.

കോവിഡ് കാലത്തെ ഇന്ത്യൻ എംബസ്സിയുടെയും ഇന്ത്യൻ കമ്മ്യൂണിറ്റിയുടെയും പ്രവർത്തനങ്ങൾ വിവരിക്കുന്ന ഡോക്യൂമെന്ററിയും ചടങ്ങിൽ പ്രദർശിപ്പിച്ചു. ഡോ. വിനോദ് ഗെയ്ക്വാദ് സ്വാഗതം പറഞ്ഞു. ഡോ. അമീർ അഹമ്മദ്, രാജഗോപാൽ ത്യാഗി തുടങ്ങിയവർ സംസാരിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News