കുവൈത്തില്‍ വിദ്യാർത്ഥികളുടെ സ്‌കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുവാന്‍ ഒരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം

സ്‌കൂൾ ബാഗുകളുടെ അധികഭാരം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കാനും, വിദ്യാഭ്യാസ നിലവാരവും ആരോഗ്യവും മെച്ചപ്പെടുത്താനുമാണ് പുതിയ നടപടികൾ കൈക്കൊണ്ടത്

Update: 2025-01-26 14:49 GMT
Editor : razinabdulazeez | By : Web Desk

കുവൈത്ത് സിറ്റി: സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുവാന്‍ ആവശ്യമായ നടപടികളുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ-തബ്തബായിയുടെ നിർദ്ദേശത്തെ തുടര്‍ന്നാണ്‌ സ്കൂൾ ബാഗുകളുടെ ഭാരം 50 ശതമാനം വരെ കുറയ്ക്കാൻ നടപടി ആരംഭിച്ചത്.

ഈ ലക്ഷ്യം കൈവരിക്കുന്നതിനായി 2024-2025 അധ്യയന വർഷത്തിലെ രണ്ടാം സെമസ്റ്ററിനുള്ള പാഠപുസ്തകങ്ങളുടെ അച്ചടിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. ജനറൽ ടെക്നിക്കൽ ഗൈഡൻസ് അംഗീകരിച്ച പാഠ്യപദ്ധതിക്കനുസരിച്ച്, രണ്ടാം സെമസ്റ്റർ പാഠപുസ്തകങ്ങളെ രണ്ട് ഭാഗങ്ങളാക്കി വിഭജിക്കുന്നതാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഇത് സ്‌കൂൾ ബാഗുകളുടെ ഭാരത്തെ ഗണ്യമായി കുറയ്ക്കും. അതേസമയം, പുസ്തകങ്ങളുടെ അച്ചടിയുടെ ഗുണനിലവാരത്തിലോ, ഉള്ളടക്കത്തിലുള്ള വിദ്യാഭ്യാസ നിലവാരത്തിലോ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതർ ഉറപ്പുനൽകി. കുട്ടികൾക്ക് സ്‌കൂൾ ബാഗുകളുടെ ഭാരം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കുകയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ലക്ഷ്യം.

2024-2025 ലെ രണ്ടാം സെമസ്റ്ററിന് മുമ്പ് സ്കൂളുകളും വിദ്യാഭ്യാസ ജില്ലകളും ആവശ്യമുള്ള പാഠപുസ്തകങ്ങൾ വിതരണം പൂർത്തിയാക്കിയിട്ടുണ്ട്.

സ്കൂളുകൾ അധ്യയനം ആരംഭിക്കാൻ പൂർണമായി തയ്യാറായിരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ലോകാരോഗ്യ സംഘടന രാജ്യാന്തരതലത്തിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ ശരീരഭാരത്തിന്റെ പത്തു ശതമാനം മാത്രമായിരിക്കണം സ്കൂൾ ബാഗിന്റെ ഭാരമെന്നു വ്യക്തമായി നിർദേശിച്ചിട്ടുണ്ട്.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News