കുവൈത്തിൽ നാട് കടത്തുന്നവരുടെയും ജോലിയിൽ നിന്ന് പിരിച്ചുവിടുന്നവരുടെയും എണ്ണം വർദ്ധിക്കുന്നു
കഴിഞ്ഞ ആറു മാസത്തിനിടയിൽ പതിനായിരത്തിലധികം പ്രവാസി ജീവനക്കാരെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്
കുവൈത്തിൽ നിന്നും നാട് കടത്തുന്ന പ്രവാസികളുടെയും ജോലിയിൽ നിന്ന് പിരിച്ചുവിടുന്നവരുടെയും എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ ആറു മാസത്തിനിടയിൽ പതിനായിരത്തിലധികം പ്രവാസി ജീവനക്കാരെയാണ് ജോലിയിൽ നിന്ന് പിരിച്ച് വിട്ടത്. നാടുകടത്തുന്നവരുടെ എണ്ണത്തിലും കഴിഞ്ഞ വർഷത്തേക്കാൾ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
2023 ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം സർക്കാർ മേഖലയിൽ ജോലി ചെയ്തിരുന്ന ഏഴായിരം പ്രവാസികൾ ഉൾപ്പെടെ രണ്ടരലക്ഷം വിദേശികളെയാണ് കഴിഞ്ഞ വർഷം സ്ഥിരമായി കുവൈത്ത് പിരിച്ചുവിട്ടത്. നേരത്തെ സർക്കാർ മേഖലയിൽ നിന്ന് വിദേശികളെ ഒഴിവാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ സിവിൽ സർവീസ് കമ്മീഷൻ വിവിധ സർക്കാർ ഡിപ്പാർട്‌മെൻറുകൾക്ക് നിർദേശം നൽകിയിരുന്നു.
സ്വദേശിയുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിൻ്റെ ഭാഗമായാണ് പ്രവാസി തൊഴിലാളികളെ ഒഴിവാക്കുന്നത്. അതേസമയം ആയിരത്തിലേറെ പ്രവാസികളാണ് നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ആറു മാസത്തിനിടയിൽ നാടുകടത്തപ്പെട്ടവരിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. ഫിലിപ്പീൻസ്, ശ്രീലങ്കൻ, ഈജിപ്തുകാർ, ബംഗ്ലാദേശികൾ എന്നിവരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.