Writer - razinabdulazeez
razinab@321
കുവൈത്ത് സിറ്റി: കുവൈത്തിലെ പാർക്കിംഗ് പ്രശ്നം രൂക്ഷമാകുന്നു. പാർക്കിംഗ് പ്രശ്നം പരിഹാരമാകാത്തതോടെ ഗതാഗതക്കുരുക്കും വർദ്ധിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഏകദേശം 47,632 പാർക്കിംഗ് സ്ഥലങ്ങളുടെ കുറവുള്ളതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പ്രശ്നം രൂക്ഷമാവുകയാണെന്നും ഉചിതമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പാര്‍ക്കിംഗ് പ്രശ്നം കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം അവസ്ഥ അടിസ്ഥാന സൗകര്യങ്ങളെയും ബാധിച്ചേക്കും. നിലവിൽ ഡ്രൈവർമാർ പാർക്കിംഗ് സ്ഥലങ്ങൾ കണ്ടെത്താൻ ശരാശരി 10 മിനിറ്റാണ് ചെലവഴിക്കുന്നത്. ഇത് ഇന്ധന ഉപഭോഗം വർദ്ധിപ്പിക്കുകയും മലിനീകരണ തോത് ഉയർത്തുകയും ചെയ്യുന്നു. കൂടാതെ, കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്..
നഗരത്തില്‍ തിരക്ക് വർദ്ധിക്കുന്നതോടെ കാൽനട പാതകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ അപകട സാധ്യത കൂട്ടുന്നതായി പഠനത്തിൽ വ്യക്തമാക്കുന്നു. കുവൈത്ത് സിറ്റിയിലെ ഷർഖ്, മിർഖാബ്, ഖിബ്ല എന്നിവ ഉൾപ്പെടുന്ന മൂന്നു വാണിജ്യ മേഖലകളിലാണ് പഠനം നടത്തിയത്.
മിർഖാബ് പ്രദേശത്ത് പാർക്കിംഗ് ആവശ്യങ്ങൾക്ക് 24,437 സ്ഥലങ്ങൾ ആവശ്യമുള്ളപ്പോൾ നിലവിൽ 9,866 പാർക്കിംഗ് സ്ലോറ്റുകൾ മാത്രമേ ലഭ്യമാകുന്നുള്ളൂ. ഷർഖ് മേഖലയിൽ നിലവിലെ ആവശ്യം 29,433 പാർക്കിംഗ് സ്ലോട്ടുകളാണെങ്കിലും ഇൻഡോർ, ഔട്ട്ഡോർ പാർക്കിംഗ് സ്ഥലങ്ങൾ കൂടി ഏകദേശം 7,363 സ്ഥലങ്ങൾ മാത്രമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നിയന്ത്രണങ്ങളും നിയമങ്ങളും അന്താരാഷ്ട്ര മികച്ച രീതികളുമായി യോജിപ്പിക്കുക, സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ പൊതു സ്ഥലങ്ങളിൽ ബഹുനില പാർക്കിംഗ് സൗകര്യങ്ങൾ സൃഷ്ടിക്കാൻ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ശുപാർശകളും പഠനം നിർദ്ദേശിക്കുന്നുണ്ട്.