കുവൈത്തിൽ ബയോമെട്രിക് രജിസ്റ്റർ പൂർത്തിയാക്കാനുള്ള സമയ പരിധി നീട്ടി

സ്വദേശികൾക്ക് സെപ്റ്റംബർ 30 വരെയും വിദേശികൾക്ക് ഡിസംബർ 30 വരെയുമാണ് പുതുക്കിയ സമയം

Update: 2024-05-14 14:07 GMT

കുവൈത്ത് സിറ്റി: കുവൈത്തിൽ ബയോമെട്രിക് രജിസ്റ്റർ പൂർത്തിയാക്കാനുള്ള സമയ പരിധി നീട്ടി. ബയോമെട്രിക് നടപടി ക്രമങ്ങൾ സുഗമമാക്കുന്നതിൻറെ ഭാഗമായാണ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അസ്സബാഹാണ് സമയ പരിധി നീട്ടുവാനുള്ള നിർദ്ദേശം നൽകിയത്. സ്വദേശികൾക്ക് സെപ്റ്റംബർ 30 വരെയും വിദേശികൾക്ക് ഡിസംബർ 30 വരെയുമാണ് പുതുക്കിയ സമയമെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു.

ബയോമെട്രിക് ഫിംഗർപ്രിന്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റിൽ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. സ്വദേശികളും പ്രവാസികളും ജൂൺ ഒന്നിന് മുമ്പായി ബയോമെട്രിക് രജിസ്‌ട്രേഷൻ പൂർത്തീകരിക്കണമെന്ന് അധികൃതർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ദിവസങ്ങൾ കാത്തിരിന്നിട്ടും സഹേൽ ആപ്പ് വഴിയോ മെറ്റ വെബ് പ്ലാറ്റ്‌ഫോം വഴിയോ അപ്പോയിന്റ്‌മെന്റ് ലഭിക്കാത്ത സാഹചര്യമാണുണ്ടായത്. പുതിയ തീരുമാനം വന്നതോടെ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസമായി.

സഹേൽ ആപ്പ് വഴിയും, മെറ്റാ പ്ലാറ്റ്ഫോം വഴിയുമാണ് ബയോമെട്രിക് ഫിംഗർപ്രിന്റ് അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യേണ്ടത്. മുൻകൂർ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ ബയോമെട്രിക് രജിസ്‌ട്രേഷൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. അടുത്ത വർഷത്തോടെ രാജ്യത്ത് താമസിക്കുന്ന മുഴുവൻ പേരുടെയും ബയോമെട്രിക് വിവരങ്ങൾ പൂർത്തിയാക്കുവാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News