'ബാക്ക് ടു സ്കൂൾ'; വേനലവധിക്ക് ശേഷം ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ തുറക്കുന്നു
അവധിക്കാലത്ത് നാട്ടിലായിരുന്ന മലയാളികളടക്കമുള്ള പ്രവാസി കുടുംബങ്ങൾ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്
മസ്‌കത്ത്: വേനലവധിക്ക് ശേഷം ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ ഈ ആഴ്ച മുതൽ തുറന്നുപ്രവർത്തിക്കും. അവധിക്കാലത്ത് നാട്ടിലായിരുന്ന മലയാളികളടക്കമുള്ള പ്രവാസി കുടുംബങ്ങൾ ഒമാനിലേക്ക് തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്.
ഇന്ത്യൻ സ്‌കൂൾ ഗൂബ്ര കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ചു. മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ തിങ്കളാഴ്ചയും ഇന്ത്യൻ സ്‌കൂൾ ദാസായിത്ത് ചൊവ്വാഴ്ചയും തുറക്കും. മറ്റ് ഇന്ത്യൻ സ്‌കൂളുകളും അടുത്ത ആഴ്ചയോടുകൂടി പൂർണമായി പ്രവർത്തനക്ഷമമാകും.
നിലവിൽ ഒമാനിൽ ചൂട് കാര്യമായി കുറഞ്ഞിട്ടില്ല. പലയിടത്തും ഇപ്പോഴും 40 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനിലയാണ് അനുഭവപ്പെടുന്നത്. കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ, വേനലവധിക്ക് മുമ്പ് പല ഇന്ത്യൻ സ്‌കൂളുകളും പ്രവർത്തന സമയങ്ങളിൽ ക്രമീകരണങ്ങൾ വരുത്തിയിരുന്നു.
സ്‌കൂൾ തുറക്കുന്നതോടെ തന്നെ ഇന്ത്യൻ സ്‌കൂളുകളിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. സ്വാതന്ത്ര്യ ദിനാഘോഷത്തോടൊപ്പം നടത്തുന്ന സാംസ്‌കാരിക കലാ പരിപാടികളുടെ പരിശീലനങ്ങളും മറ്റും വരും ദിവസങ്ങളിൽ ആരംഭിക്കും.
സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി ഒമാനിലെ വിപണിയും സജീവമായിട്ടുണ്ട്. പ്രധാന മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും 'ബാക്ക് ടു സ്‌കൂൾ' ഓഫറുകൾ ആരംഭിച്ചു കഴിഞ്ഞു. ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളിലെല്ലാം ഇപ്പോൾ പഠനോപകരണങ്ങളുടെ വിൽപ്പനയുടെ തിരക്കിലാണ്.