ഒമാൻ നാഷനൽ സാഹിത്യോത്സവ് ജനുവരി ഒമ്പതിന്
ബൗഷർ കോളേജ് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻസ് സ്റ്റഡീസ് കാമ്പസിലാണ് പരിപാടി
മസ്‌കത്ത്: ഒമാൻ ഐസിഎഫ് - നാഷനൽ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന 15ാമത് എഡിഷൻ ഒമാൻ നാഷനൽ സാഹിത്യോത്സവ് 2026 ജനുവരി ഒമ്പതിന് ബൗഷർ കോളേജ് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻസ് സ്റ്റഡീസ് കാമ്പസിൽ നടക്കും. പ്രവാസ ലോകത്ത് 25 രാഷ്ട്രങ്ങളിലായി നടക്കുന്ന 15ാമത് എഡിഷൻ സാഹിത്യോത്സവിന്റെ ഭാഗമായാണ് ഇത്തവണ ഒമാൻ നാഷനൽ സാഹിത്യോത്സവിന് ബൗഷറിൽ വേദിയൊരുങ്ങുന്നത്.
സോൺ ഘടകങ്ങളിൽ 'വേരിറങ്ങിയ വിത്തുകൾ' എന്നതും നാഷനലിൽ 'പ്രയാണങ്ങൾ' എന്നതുമാണ് പ്രമേയങ്ങൾ. ന്യൂറോ ഡൈവേഴ്സിറ്റിയുള്ളവരുടെ കലാ ആവിഷ്‌ക്കാരങ്ങൾക്കായി സ്‌നേഹോത്സവും തൊഴിൽപരമായ പരിമിതികൾ കൊണ്ട് സാമൂഹിക സാംസ്‌കാരിക പരിപാടികളുടെ ഭാഗമാകാൻ സാധിക്കാത്തവരെ പരിഗണിച്ച് അവരുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് കലോത്സാവവും ഈ വർഷത്തെ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
സ്വാഗതസംഘം ചെയർമാൻ സാഖിബ് തങ്ങൾ, ജനറൽ കൺവീനർ നിയാസ് കെ അബു, ഫിനാൻസ് ചെയർമാൻ റഫീഖ് എർമാളം, കോർഡിനേറ്റർ നിസാർ തലശ്ശേരി, ആർ എസ് സി നാഷനൽ ചെയർമാൻ വി എം ശരീഫ് സഅദി മഞ്ഞപ്പറ്റ, ജനറൽ സെക്രട്ടറി അർഷദ് മുക്കോളി, സെക്രട്ടറിമാരായ മിസ്അബ് കൂത്തുപറമ്പ്, മുസ്തഫ വടക്കേക്കാട്, ഷുഹൈബ് മോങ്ങം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.