വ്യോമയാന സുരക്ഷ: ഒമാൻ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്ത്
വ്യോമയാന വ്യവസായം 2024 ൽ 105 മില്യൺ റിയാലിന്റെ വരുമാനമാണ് രാജ്യത്തിന് നേടിക്കൊടുത്തത്
മസ്‌കത്ത്: വ്യോമയാന സുരക്ഷയിൽ നേട്ടവുമായി ഒമാൻ. ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്താണ് സുൽത്താനേറ്റ്. സുരക്ഷ, സാങ്കേതികവിദ്യ എന്നിവയിലെ സുപ്രധാന നേട്ടങ്ങളാണ് ഒമാന്റെ മുന്നേറ്റത്തിന് കാരണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) വിശദീകരിച്ചു.
സുരക്ഷാ മാനദണ്ഡങ്ങളിൽ 95.95 ശതമാനമാണ് സുൽത്താനേറ്റിന്റെ നിരക്ക്. അതോറിറ്റിയുടെ വാർഷിക സമ്മേളനത്തിലാണ് പ്രഖ്യാപനം. മസ്‌കത്തിൽ ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല നാസർ അൽ ഹറാസിയുടെ സാന്നിധ്യത്തിലായിരുന്നു മാധ്യമ സമ്മേളനം.
അതേസമയം, മസ്‌കത്ത് വിമാനത്താവളത്തിലെ തെക്കൻ റൺവേ സജീവമാക്കൽ, ജനറൽ സിവിൽ ഏവിയേഷൻ നയത്തിന്റെ അംഗീകാരം, ഒമ്പത് വ്യോമഗതാഗത കരാറുകളിൽ ഒപ്പുവയ്ക്കൽ എന്നിവ പ്രധാന നേട്ടങ്ങളിൽ ഉൾപ്പെടുന്നു. യാത്രക്കാരുടെ അവകാശ സംരക്ഷണവും ഡ്രോൺ രജിസ്‌ട്രേഷനും എയർ ട്രാഫിക് മാനേജ്മെന്റിനുമുള്ള ലൈസൻസിംഗ് ചട്ടക്കൂടും ഉൾക്കൊള്ളുന്ന പുതിയ നിയന്ത്രണങ്ങളും സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ശ്രദ്ധേയ നീക്കങ്ങളാണ്. വ്യോമയാന വ്യവസായത്തിലെ വളർന്നുവരുന്ന പ്രാദേശിക, അന്തർദേശീയ കേന്ദ്രമായി ഒമാൻ മാറിയിട്ടുണ്ട്. വ്യോമയാന വ്യവസായം 2024 ൽ 105 മില്യൺ റിയാലിന്റെ വരുമാനമാണ് രാജ്യത്തിന് നേടിക്കൊടുത്തത്. ഇത് മന്ത്രാലയത്തിന്റെ പ്രവർത്തന കാര്യക്ഷമതയ്ക്ക് തെളിവാണ്.