ഒമാനിലെ പ്രവാസികളുടെ കലാമാമാങ്കം; 'മസ്കത്ത് കലോത്സവം 2025' നവംബർ അവസാനം

സിനിമ-സീരിയൽ താരങ്ങൾ നയിക്കുന്ന 'നക്ഷത്രരാവ്' ന‍ൃത്തവിരുന്ന് പരിപാടിയുടെ മുഖ്യ ആകർഷണമാകും

Update: 2025-10-31 11:38 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: ഒമാനിലെ പ്രവാസികൾക്കായി മസ്കത്ത് കലാ സാംസ്കാരിക വേദി-സീബ് 'മസ്കത്ത് കലോത്സവം 2025' സംഘടിപ്പിക്കുന്നു. സ്റ്റാർ വിഷന്റെ ബാനറിൽ ഒരുങ്ങുന്ന പരിപാടി നവംബർ 26, 27, 28 തീയതികളിൽ സീബിലെ റമീ ഡ്രീം റിസോർട്ടിൽ വെച്ച് നടക്കും. മുപ്പത്തിയഞ്ചിലധികം വരുന്ന കലാ മത്സരങ്ങൾ മൂന്ന് വേദികളിലായാണ് അരങ്ങേറുക. പ്രായഭേദമന്യേ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മത്സരങ്ങളിൽ ഭാ​ഗമാകാമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മൂല്യ നിർണയം നടത്തുന്നതിനായി പരിചയ സമ്പന്നരായ വിധികർത്താക്കൾ ഇന്ത്യയിൽ നിന്ന് എത്തിച്ചേരുമെന്നും സംഘാടകർ പറഞ്ഞു. കലോത്സവത്തിന്റെ ഭാ​ഗമായി ഷോപ്പിങ് സ്റ്റാളുകൾ, എക്സിബിഷനുകൾ, നാടൻ തട്ടുകടകൾ എന്നിവ ഒരുങ്ങും. ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ, പ്രവാസി അസ്സോസിയേഷനുകൾ, ഡാൻസ് ആൻഡ് മ്യൂസിക് അക്കാദമികൾ തുടങ്ങി എല്ലാ പ്രവാസി കുടുംബങ്ങൾക്കും അധ്യാപകർക്കും മത്സരങ്ങളിൽ പങ്കെടുക്കാം.

Advertising
Advertising

എല്ലാ ഇനങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് സമ്മാനങ്ങൾ ഉണ്ടായിരിക്കും. കൂടാതെ കലാതിലകം, കലാപ്രതിഭ പട്ടങ്ങളും നൽകും. കലോത്സവത്തിന്റെ അവസാന ദിവസം പ്രശസ്ത സിനിമാ സീരിയൽ താരവും മുൻ കലാതിലകവുമായ ശ്രീമതി അമ്പിളി ദേവി, അഖില ആനന്ദ് , രാജേഷ് വിജയ് , ലക്ഷ്മി ജയൻ എന്നിവർ നയിക്കുന്ന നൃത്ത സംഗീത വിരുന്ന് 'നക്ഷത്രരാവ്' മെഗാ ഷോ പരിപാടിയുടെ മുഖ്യ ആകർഷണമാകും.

മസ്കത്ത് കലാ സാംസ്‌കാരിക വേദി ഭാരവാഹികളായ ശ്രീകുമാർ കൊട്ടാരക്കര, സിബി ബാബു, വിനോദ്.വി , അനുദാസ്‌ , വിനോദ് മഞ്ചേരി , സുബി ബാബു , രാജേഷ് , ശശിധരൻ പൊയ്കയിൽ , സജിത വിനോദ് , നിഷ ഷാജി, സീന ശശിധരൻ, മസ്കത്ത് മലയാളീസ് പ്രതിനിധി രേഖ പ്രേം എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. 

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News