2025 ആദ്യ പാദം: ഒമാനിൽ 1.81 ദശലക്ഷത്തോളം തൊഴിലാളികൾ

പ്രവാസി തൊഴിലാളികളിൽ ബംഗ്ലാദേശ് സ്വദേശികൾ മുന്നിൽ

Update: 2025-06-22 10:04 GMT

മസ്‌കത്ത്: 2025 ലെ ആദ്യ പാദത്തിൽ ഒമാനിലെ തൊഴിലാളികളുടെ എണ്ണം 1.81 ദശലക്ഷത്തോടടുത്തു. പ്രവാസി തൊഴിലാളികളുടെ പട്ടികയിൽ ബംഗ്ലാദേശ് സ്വദേശികളാണ് മുന്നിൽ. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്ഐ) യുടെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2025 ലെ ആദ്യ പാദത്തിൽ ഒമാനിലെ തൊഴിൽ വിപണിയിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 18,08,451 ആയി. 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് മൊത്തം തൊഴിൽ ശക്തിയിൽ നേരിയ 0.2 ശതമാനം വർധനവ് കാണിക്കുന്നുണ്ട്.

തൊഴിൽ സൃഷ്ടിക്കുന്നതിൽ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) പ്രധാന പങ്ക് വഹിച്ചു. അഞ്ചിൽ താഴെ തൊഴിലാളികളെ ജോലിക്കെടുക്കുന്ന സൂക്ഷ്മ സംരംഭങ്ങളിൽ 6,77,860 തൊഴിലാളികൾ അഥവാ 37.5 ശതമാനം പേരാണുള്ളത്. ചെറുകിട സംരംഭങ്ങളിൽ 29.7 ശതമാനം (537,079 തൊഴിലാളികൾ) പേരും വലിയ സംരംഭങ്ങളിൽ 24.3 ശതമാനം (438,212 തൊഴിലാളികൾ) പേരും ഇടത്തരം ബിസിനസുകൾ 8.5 ശതമാനം (153,094 തൊഴിലാളികൾ) പേരും ജോലി ചെയ്യുന്നു.

Advertising
Advertising

സ്വകാര്യ മേഖലയിലാണ് കൂടുതൽ പേർ ജോലി ചെയ്യുന്നത്. 14,09,215 പേർ. എന്നാൽ വാർഷികാടിസ്ഥാനത്തിൽ 0.9 ശതമാനം നേരിയ കുറവുണ്ട്. ഇതിന് വിപരീതമായി ഗാർഹിക, അനൗപചാരിക തൊഴിലാളികളെ ഉൾക്കൊള്ളുന്ന കുടുംബ മേഖലയിൽ 4.7 ശതമാനം വളർച്ചയുണ്ടായി, 3,49,517 തൊഴിലാളികളിലെത്തി. അതേസമയം, പൊതുമേഖലയിൽ 0.6 ശതമാനം നേരിയ ഇടിവ് രേഖപ്പെടുത്തി, 41,815 പേരാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്.

തൊഴിലാളികളുടെ വലിയൊരു ഭാഗം പ്രവാസികളാണ്. ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് 80 ശതമാനം. ഈ വിഭാഗത്തിൽ, 6,22,078 തൊഴിലാളികൾ ബംഗ്ലാദേശിൽ നിന്നുള്ളവരാണ് (9.1 ശതമാനം കുറവ്). ഇന്ത്യക്കാർ 5,07,956 പേർ. പാകിസ്താനികൾ 314,997 ആണ് (8.8 ശതമാനം വർധനവ്).

2025 മെയ് മാസത്തിൽ തൊഴിലന്വേഷകരുടെ നിരക്ക് 4.0 ശതമാനമായിരുന്നു, 15 മുതൽ 24 വയസ്സ് വരെ പ്രായമുള്ള യുവാക്കളും ഉയർന്ന ഡിപ്ലോമകളും ബാച്ചിലേഴ്‌സ് ബിരുദങ്ങളും ഉള്ളവരുമാണ് ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ അനുഭവിക്കുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News