ട്രംപിന്റെ പകരച്ചുങ്കം: ഒമാനിൽ കുറഞ്ഞ പ്രത്യാഘാതങ്ങൾക്ക് മാത്രം സാധ്യതയെന്ന് സാമ്പത്തിക മന്ത്രാലയം
സുൽത്തനേറ്റിൽനിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് പത്ത് ശതമാനമായിരിക്കും തീരുവ
മസ്‌കത്ത്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ഒമാനും. സുൽത്തനേറ്റിൽനിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് പത്ത് ശതമാനമായിരിക്കും തീരുവ. അമേരിക്കൻ ഉത്പന്നങ്ങൾക്ക് അമിതമായി തീരുവ ഈടാക്കുന്ന രാജ്യങ്ങൾക്കുമേൽ പകരച്ചുങ്കം ഏർപ്പെടുത്തുന്ന പ്രഖ്യാപനം ബുധനാഴ്ചയാണ് ട്രംപ് നടത്തിയത്. അമേരിക്കയുമായി വ്യാപാരബന്ധമുള്ള 60 രാജ്യങ്ങൾക്കാണ് പകരച്ചുങ്കം ചുമത്തിയിരിക്കുന്നത്. അമേരിക്കയിൽ എത്തുന്ന എല്ലാ ഉൽപന്നങ്ങൾക്കും പത്ത് ശതമാനം അടിസ്ഥാന തീരുവയായി ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, യു.എസ് ഏർപ്പെടുത്തിയ തീരുവ ഒമാനിൽ കുറഞ്ഞ പ്രത്യാഘാതങ്ങൾ മാത്രമേ ഉണ്ടാക്കുകയൊള്ളുവെന്ന് സാമ്പത്തിക മന്ത്രാലയ അണ്ടർസെക്രട്ടറി ഡോ. നാസർ ബിൻ റാഷിദ് അൽ മാവാലി പറഞ്ഞു. പുതിയ താരിഫുകളിൽനിന്ന് യു.എസ് എണ്ണ, വാതകം, ശുദ്ധീകരിച്ച ഉൽപന്നങ്ങൾ എന്നിവയുടെ ഇറക്കുമതി ഒഴിവാക്കിയതിനാൽ ഒമാനിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലെന്ന് അദേഹം പറഞ്ഞു. എന്നിരുന്നാലും, ആഗോള വ്യാപാരത്തിലെ തടസ്സം, ആഗോള സാമ്പത്തിക വളർച്ചയിലെ മാന്ദ്യം എന്നിവയുൾപ്പെടെ നിരവധി മാർഗങ്ങളിലൂടെ ഒമാന്റെ സമ്പദ്വ്യവസ്ഥയിൽ ആഘാതം ഉണ്ടാകാമെന്ന് അൽ മവാലി ചൂണ്ടിക്കാട്ടി.
സൗദി അറേബ്യ, കുവൈത്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തർ, ബഹ്റൈൻ എന്നിവയുൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങൾക്കും പത്ത്ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. ഏപ്രിൽ അഞ്ച് മുതൽ പുതിയ താരിഫുകൾ പ്രാബല്യത്തിൽ വരുമെന്നും ചില രാജ്യങ്ങൾക്ക് ഏപ്രിൽ ഒമ്പത് മുതൽ ഉയർന്ന നിരക്കുകൾ നടപ്പിലാക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ, തുടങ്ങിയ രാജ്യങ്ങളുടെ പേരുകളും ഈ പട്ടികയിൽ സ്ഥാനം പിടിച്ചിരുന്നു.