മധ്യസ്ഥ ശ്രമങ്ങൾക്കെതിരായ വിമർശനം അമേരിക്കയുടേയും താൽപര്യങ്ങളെ ബാധിക്കും: ഖത്തർ പ്രധാനമന്ത്രി

'ഖത്തറിന്റെ എല്ലാ മധ്യസ്ഥ ശ്രമങ്ങളും സുതാര്യമാണ്'

Update: 2025-03-08 16:53 GMT

ദോഹ: ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾക്കെതിരായ വിമർശനങ്ങൾ അമേരിക്കയുടെ അടക്കം താൽപര്യങ്ങളെ ബാധിക്കുമെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി. അമേരിക്കൻ മാധ്യമ പ്രവർത്തകൻ ടക്കർ കാൾസന് അനുവദിച്ച അഭിമുഖത്തിലാണ് ഖത്തർ പ്രധാനമന്ത്രിയുടെ പ്രതികരണം. ഗസ്സ വിഷയത്തിൽ ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഖത്തറിന്റെ താൽപര്യങ്ങളെ അല്ല ബാധിക്കുന്നത്. മേഖലയെയും തങ്ങളുടെ സുഹൃത്തുക്കളെയുമാണ് അത് അസ്ഥിരപ്പെടുത്തുന്നത്. അമേരിക്കൻ താൽപര്യങ്ങളെയും ഇത് ബാധിക്കുന്നുണ്ടെന്ന് അവർ മനസിലാക്കുന്നില്ല. ഖത്തറിന്റെ എല്ലാ മധ്യസ്ഥ ശ്രമങ്ങളും സുതാര്യമാണ്. അമേരിക്കയുടെ കൂടി സഹകരണത്തോടെയാണ് ചർച്ചകൾ നടത്തുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനെ ഖത്തർ ടൂളാക്കുന്നവെന്ന ആരോപണം തമാശയാണെന്നും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി പറഞ്ഞു.

അമേരിക്കയ്ക്കും ഇറാനുമിടയിൽ മധ്യസ്ഥ ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ ഒരു കരാറിലേക്ക് എത്താതെ പോകുന്നത് എന്താണെന്ന് മനസിലാകുന്നില്ല. ഉപരോധങ്ങൾ സാധാരണ മനുഷ്യരെയാണ് ബാധിക്കുന്നത്. ലോകത്ത് ഒരിടത്തും ഉപരോധങ്ങൾ അതിന്റെ ഉദ്ദേശിച്ച ഫലം നൽകിയിട്ടില്ലെന്നും ഖത്തർ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News