4800 കോടി ഖത്തർ റിയാൽ കടന്ന് ഇന്ത്യ-ഖത്തർ വ്യാപാരം
ഖത്തർ ചേംബർ ഓഫ് കൊമേഴ്‌സിന്റേതാണ് കണക്ക്
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ വളർച്ച. ഇരുരാഷ്ട്രങ്ങളും തമ്മിൽ 4800 കോടി ഖത്തർ റിയാലിന്റെ വ്യാപാരമാണ് കഴിഞ്ഞ വർഷം നടന്നത്. സ്വകാര്യ മേഖലയിൽ അടക്കം വ്യാപാരത്തിൽ വർധന രേഖപ്പെടുത്തി.
കഴിഞ്ഞ സാമ്പത്തിക വർഷം ഇരുരാഷ്ട്രങ്ങൾക്കുമിടയിൽ 4800 കോടി ഖത്തർ റിയാൽ മൂല്യമുള്ള വ്യാപാരം നടന്നു എന്നാണ് ഖത്തർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഏറ്റവും പുതിയ കണക്ക്. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-ഖത്തർ സംയുക്ത നിക്ഷേപ ഉന്നതതല സമിതി യോഗത്തിൽ ചേംബർ ബോർഡ് അംഗം മുഹമ്മദ് ബിൻ മഹ്ദി അൽ അഹ്ബാബിയാണ് കണക്കുകൾ പങ്കുവച്ചത്. ഖത്തറിന്റെ ഏറ്റവും സുപ്രധാന വ്യാപാര പങ്കാളിയായി ഇന്ത്യ തുടരുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമേഖലയിൽ മാത്രമല്ല, സ്വകാര്യ മേഖലയിൽ കൂടി ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം വർധിച്ചു എന്നതിന്റെ തെളിവാണ് വ്യാപാരത്തോതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ മേഖലകളിലെ സഹകരണം ചർച്ച ചെയ്ത യോഗത്തിൽ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ഇൻവസ്റ്റ് ഖത്തർ, ഖത്തർ ഫ്രീ സോൺ അതോറിറ്റി തുടങ്ങിയ ബിസിനസ് കൂട്ടായ്മകളുടെ ഭാരവാഹികൾ പങ്കെടുത്തു. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ഇന്ത്യയിൽ ആരംഭിക്കുന്ന ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വേഗത്തിലാക്കാനും തീരുമാനമായി. അതോറിറ്റി ഇന്ത്യയിൽ നടത്തുന്ന പത്ത് ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾക്ക് ഓഫീസ് മേൽനോട്ടം വഹിക്കും.
സമിതി യോഗത്തിന് പിന്നാലെ, ഖത്തറുമായി സ്വതന്ത്ര വ്യാപാര കരാറിനുള്ള സാധ്യതകൾ ഇന്ത്യ ചർച്ച ചെയ്യുന്നതായി വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ വെളിപ്പെടുത്തിയിരുന്നു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 28 ബില്യൺ ഡോളറിലെത്തിക്കാനാണ് ഇരുരാഷ്ട്രങ്ങളും ലക്ഷ്യമിടുന്നത്. നിലവിൽ ഇത് 13.2 ബില്യൺ ഡോളറാണ്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായിരുന്നത്.