ഇറാൻ-ഇസ്രായേൽ വെടിനിർത്തൽ: ഖത്തർ അമീറിനെ പ്രശംസിച്ച് സ്പാനിഷ് രാജാവ്
സെവിയ്യയിൽ സംഘടിപ്പിച്ച നാലാമത് യു.എൻ വികസന ധനസഹായ സമ്മേളനത്തിൽ പങ്കെടുക്കാനായാണ് അമീർ സ്‌പെയിനിലെത്തിയത്
ദോഹ: ഇറാൻ-ഇസ്രായേൽ വെടിനിർത്തൽ കരാർ സാധ്യമാക്കുന്നതിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുടെ പങ്കിനെ സ്പാനിഷ് രാജാവ് ഫിലിപ്പ് ആറാമൻ പ്രശംസിച്ചു. യു.എൻ വികസന ധനസഹായ സമ്മേളനത്തിൽ പങ്കെടുക്കാൻ സെവിയ്യയിലെത്തിയ ഖത്തർ അമീറുമായി സ്പാനിഷ് രാജാവ് കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പ്രശംസ അറിയിച്ചത്.
അൽ ഉദൈദ് വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ സ്പാനിഷ് രാജാവ് ശക്തമായി അപലപിച്ചു. ഖത്തറിനുള്ള ഐക്യദാർഢ്യം ആവർത്തിച്ച ഫിലിപ്പ് ആറാമൻ രാജാവ്, ഇറാൻ-ഇസ്രായേൽ വെടിനിർത്തലിൽ നിർണായക ഇടപെടൽ നടത്തിയ അമീറിനെ പ്രത്യേകം അഭിനന്ദിച്ചു.
സ്പാനിഷ് രാജാവ് ഒരുക്കിയ അത്താഴ വിരുന്നിലും അമീർ പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനെക്കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ചയായി. സാംസ്‌കാരിക, വിദ്യാഭ്യാസ, സുരക്ഷാ മേഖലകളിൽ ബന്ധം ഊഷ്മളമാക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തുടങ്ങിയ പ്രമുഖരും വിരുന്നിൽ പങ്കെടുത്തു.